1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2017

 

സ്വന്തം ലേഖകന്‍: ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി അഞ്ചു മണിക്കൂര്‍, ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തില്‍ സംഘടിപ്പിച്ച അഞ്ച് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കച്ചേരിയിലാണ് വൈക്കം വിജയലക്ഷ്മി ലോക റേക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഗായത്രിവീണയില്‍ അഞ്ച് മണിക്കൂറില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വായിച്ചത്.

മൃദംഗത്തില്‍ വിജയലക്ഷിമിയെ അനുഗമിച്ചത് സംഗീത സംവിധായകനായ എം ജയചന്ദ്രനാണ്. രാവിലെ പത്ത് മുതല്‍ ആരംഭിച്ച കച്ചേരിയില്‍ ശാസ്ത്രീയ സംഗീതവും വിവിധ ഭാഷാ ചലച്ചിത്ര ഗാനങ്ങളും അവതരിപ്പിച്ചു. സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിരുന്ന വൈക്കം വിജയലക്ഷ്മി സിനിമ പിന്നണി ഗാന രംഗത്തേക്കെത്തുന്നത് അവിചാരിതമായിട്ടായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ സെല്ലുലോയിഡ് എന്ന ചിത്രത്തിലാണ് ആദ്യമായി വിജയലക്ഷ്മി പിന്നണി പാടുന്നത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് സിനിമയിലേക്കുള്ള വഴിതുറന്നത്.

ആദ്യമായി പാടിയ രണ്ട് സിനിമകളിലെ ഗാനത്തിനും വിജയലക്ഷ്മിക്ക് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. ആദ്യ ചിത്രം 2013ലാണ് പുറത്തിറങ്ങിയതെങ്കിലും 2012ല്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. 2012ലെ സംസ്ഥാന പുരസ്‌കാരം സെല്ലുലോയിഡിലെ ഗാനത്തിനും 2013ലെ പുരസ്‌കാരം നടനിലെ ഗാനത്തിനും ലഭിച്ചു. സെല്ലുലോയ്ഡിലെ ഗാനത്തിന് സ്‌പെഷ്യല്‍ ജൂറി പാരാമര്‍ശം ആയിരുന്നു. 2013ല്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും.

മാര്‍ച്ച് 29ന് നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹം റദ്ദാക്കിയതായി വിജയലക്ഷ്മി അറിയിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. തൃശൂര്‍ സ്വദേശി സന്തോഷായിരുന്നു വരന്‍. വിവാഹ ശേഷം സംഗീത പരിപാടികള്‍ വേണ്ടെന്നുള്ള സന്തോഷിന്റെ തീരുമാനമായിരുന്നു വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണം. വിവാഹ നിശ്ചയ സമയത്ത് സമ്മതിച്ച പലകാര്യങ്ങളിലും സന്തോഷ് പിന്നീട് പിന്നോട്ട് പോയെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.