
സ്വന്തം ലേഖകൻ: സൌദിയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ സർവീസ് ഇന്നു മുതൽ സ്വകാര്യ എയർലൈനുകൾക്ക്. ഇൻഡിഗോ, ഗോ എയർ എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുക. ഈ എയർലൈൻ ഓഫിസുകളിൽനിന്നാണ് ടിക്കറ്റ് എടുക്കേണ്ടതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
നേരത്തെ ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ സർവിസുകൾക്കു പുറമെയാണ് ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി 47 അധിക സർവീസുകൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിൽ 32 സർവിസുകൾ ഇൻഡിഗോയും 15 സർവിസുകൾ ഗോ എയറുമായിരിക്കും നടത്തുക. ചൊവ്വാഴ്ച മുതൽ 31 വരെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ് സർവിസുകൾ.
ഇതിൽ 25 സർവിസുകൾ കേരളത്തിലേക്കാണ്. ഗോഎയറിന്റെ 15 സർവിസുകളും കേരളത്തിലേക്കു മാത്രമായിരിക്കും. ഇൻഡിഗോയുടെ 10 സർവിസുകളും കേരളത്തിലേക്കുണ്ട്. ദമ്മാമിൽനിന്നാണ് കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ.
ദമ്മാമിൽനിന്നു കോഴിക്കോട്ടേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന്, കൊച്ചിയിലേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ മൂന്ന്, തിരുവനന്തപുരത്തേക്ക് ഗോഎയർ മൂന്ന്, ഇൻഡിഗോ ഒന്ന്, കണ്ണൂരിലേക്ക് ഇൻഡിഗോ മൂന്ന് എന്നിങ്ങനെ സർവിസുകൾ ഉണ്ട്. എന്നാൽ, റിയാദിൽനിന്ന് നാലും ജിദ്ദയിൽനിന്നു രണ്ടും സർവിസുകൾ മാത്രമേ കേരളത്തിലേക്കുള്ളൂ.
റിയാദിൽനിന്നു നാലും ജിദ്ദയിൽനിന്നു രണ്ടും സർവിസുകൾ കോഴിക്കോട്ടേക്ക് ഗോഎയറിന്റേതാണ്. ദമ്മാമിൽനിന്നും ഹൈദരാബാദ്, ബംഗളൂരു, ലഖ്നോ, ചെന്നൈ, ശ്രീനഗർ എന്നിവിടങ്ങളിലേക്കും റിയാദിൽനിന്നും ലഖ്നോ, വിശാഖപട്ടണം, ചെന്നൈ, മുംബൈ, ശ്രീനഗർ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, ജയ്പുർ എന്നിവിടങ്ങളിലേക്കുമാണ് ഇൻഡിഗോയുടെ മറ്റു സർവിസുകൾ.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ, യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല