
സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 31 മുതലുള്ള പുതിയ പട്ടികയിൽ കേരളത്തിലേക്ക് നാല് വിമാനങ്ങളാണുള്ളത്.
സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തേക്കും മൂന്നിന് കോഴിക്കോേട്ടക്കും അഞ്ചിന് കൊച്ചിയിലേക്കും ഒമ്പതിന് കണ്ണൂരിലേക്കുമാണ് ബഹ്റൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുറപ്പെടുന്നത്. ഹൈദരാബാദിലേക്ക് മൂന്ന് വിമാനങ്ങൾ സർവിസ് നടത്തും. ഡൽഹിയിലേക്കും ഒരു സർവിസ് ഉണ്ട്.
വന്ദേഭാരത് മിഷൻ പദ്ധതിയുടെ കീഴിൽ സൌദിയിൽനിന്നുള്ള ആറാംഘട്ട ഷെഡ്യൂളിൻെറ ആദ്യപട്ടിക ഇന്ത്യൻ എംബസി പുറത്തുവിട്ടു. സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ ആകെ ഏഴു വിമാന സർവിസുകളുടെ ഷെഡ്യൂൾ മാത്രമാണ് നിലവിൽ വന്നത്. ഇതിൽ കേരളത്തിലേക്ക് ഒറ്റ സർവിസുമില്ല.
ജിദ്ദയിൽനിന്നും ഡൽഹി, ലക്‌നൗ, ഹൈദരാബാദ്, റിയാദിൽനിന്നും ശ്രീനഗർ, ചെന്നൈ, ദമ്മാമിൽനിന്നും ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. ജിദ്ദയിൽനിന്ന് എയർ ഇന്ത്യയുടേതാണ് സർവിസുകൾ. റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്നും ഇൻഡിഗോയുമാണ് സർവിസ് നടത്തുന്നത്.
സെപ്റ്റംബർ ഒന്നിന് ജിദ്ദ-ഡൽഹി, റിയാദ്-ശ്രീനഗർ, രണ്ടിന് റിയാദ്-ചെന്നൈ, മൂന്നിന് ദമ്മാം-ബംഗളൂരു, അഞ്ചിന് ജിദ്ദ-ഡൽഹി-ലക്‌നൗ, എട്ടിന് ജിദ്ദ-ഡൽഹി, ജിദ്ദ-ഹൈദരാബാദ് എന്നിങ്ങനെയാണ് ഷെഡ്യൂൾ. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
എന്നാൽ, യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റ്ർ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല