സ്വന്തം ലേഖകന്‍: അര്‍മീനിയയില്‍ വെല്‍വറ്റ് വിപ്ലവകാരികള്‍ക്ക് വിജയം; നികോള്‍ പാഷിന്യാന്‍ പുതിയ പ്രധാനമന്ത്രി. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി ജനപ്രീതി നഷ്ടപ്പെട്ട സെര്‍ഷ് സര്‍ക്‌സ്യാന്റെ സര്‍ക്കാരിനെതിരെ അക്രമരഹിതമായി ആഞ്ഞടിച്ച വെല്‍വറ്റ് വിപ്ലവകാരികള്‍ മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം കണ്ടത്.
മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ പാഷിന്യാനെ പുതിയ പ്രധാനമന്ത്രിയായി അംഗീകരിച്ചുള്ള പാര്‍ലമെന്റ് വോട്ടിനു പിന്നാലെ, പാഷിന്യാന്‍ തന്റെ ട്രെഡ്മാര്‍ക്ക് ടീഷര്‍ട്ടും തൊപ്പിയുമായി യെരവാനിലെ ജനക്കൂട്ടത്തിനു മുന്നിലെത്തി, വിജയത്തിന്റെ ബഹുമതി ജനങ്ങള്‍ക്കു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ 59 അംഗങ്ങളാണു പിന്തുണച്ചത്. 42 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു.
മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായ അര്‍മീനിയയില്‍ സൈനികത്താവളമുള്ള റഷ്യ ആശങ്കയോടെയാണ് പുതിയ ഭരണമാറ്റത്തെ കാണുന്നത്. എങ്കിലും പുടിനുമായി നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്ന സൂചനയാണു പുതിയ പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. വാര്‍ത്ത അറിഞ്ഞയുടന്‍ പുടിന്‍ പാഷിന്യാനെ അഭിനന്ദിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല