1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2023

സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വീസ നിബന്ധനകളിൽ ഇളവ് വരുത്താൻ വിയറ്റ്നാം സർക്കാർ. കോവിഡ് സമയത്ത് ഏർപ്പെടുത്തിയ കർശനമായ വീസ നയങ്ങൾ കാരണം, വിയറ്റ്‌നാമിലേക്കുള്ള രാജ്യാന്തര സഞ്ചാരികളുടെ ഒഴുക്കിന് തടസ്സം നേരിട്ടിരുന്നു. ഈ നടപടികളുടെ ഫലമായി 2020 ൽ വെറും 3.7 ദശലക്ഷത്തിൽ താഴെ വിദേശ സന്ദർശകരാണ് വിയറ്റ്നാം സന്ദര്‍ശിച്ചത്. 2019 ൽ ഇത് 18 ദശലക്ഷമായിരുന്നു.

കോവിഡ് സമയത്ത് ഏര്‍പ്പെടുത്തിയ കര്‍ശനമായ വീസ ചട്ടങ്ങള്‍ വിയറ്റ്‌നാമിലേക്കുള്ള സഞ്ചാരികളുടെ വരവിനെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് അനുകൂലമാവുന്ന രീതിയില്‍ വീസ/ ടൂറിസ്റ്റ് നിയമങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ക്യാബിനറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ വീസ ഇളവുകള്‍ പ്രഖ്യാപിക്കുക, കുറഞ്ഞ ചെലവില്‍ താമസ കാലയളവ് വര്‍ധിപ്പിക്കുക, ഇ.വീസ വിപുലീകരിക്കുക എന്നിവയാണ് വിയറ്റ്‌നാം പരിഗണിക്കുന്ന മാറ്റങ്ങള്‍.

ഇത് പ്രകാരം യൂറോപ്പിലെ 11 രാജ്യങ്ങള്‍, ഏഷ്യയിലെ 2 രാജ്യങ്ങള്‍ എന്നിങ്ങനെ 13 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിയറ്റ്‌നാം വീസ ഇളവ് പ്രഖ്യാപിച്ചു. ഈ രാജ്യത്തെ പൗരന്‍മാര്‍ക്ക് 15 ദിവസം വരെ വീസയില്ലാതെ വിയറ്റ്‌നാമില്‍ താമസിക്കാം. ഒന്‍പത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസം വരെ വീസയില്ലാതെ രാജ്യത്ത് തങ്ങാം. നിലവില്‍ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിയറ്റ്‌നാം ഇ-വീസ നല്‍കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വീസ ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കാനും വിയറ്റ്‌നാം ലക്ഷ്യമിടുന്നുണ്ട്. സഞ്ചാരികള്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള സമയം 45 ദിവസമാക്കി നീട്ടാനും ആലോചനയുണ്ട്. 2023 ല്‍ എട്ട് ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് വിയറ്റ്‌നാം ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ഭംഗി സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ആസ്വദിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളു എന്നാണ് സര്‍ക്കാരിന്റെ നയം. വീസ ചട്ടങ്ങള്‍ക്ക് പുറമെ ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും വിയറ്റ്‌നാം തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട സ്ഥലമാണ് വിയറ്റ്‌നാം. ചിലവ് കുറവാണെന്നതും വിയറ്റ്‌നാമിലെ പ്രകൃതി ഭംഗിയും ഭക്ഷണവുമൊക്കെയാണ് ഇന്ത്യക്കാരെയും വിയറ്റ്‌നാമിലേക്ക് ആകര്‍ഷിക്കുന്നത്. കുറഞ്ഞ ചിലവിലുള്ള താമസ സൗകര്യങ്ങളും രാജ്യത്തിനകത്തെ പൊതുഗതാഗത സംവിധാനങ്ങളുമെല്ലാം ബഡ്ജറ്റ് യാത്രയ്ക്ക് പറ്റിയ രാജ്യമായി വിയറ്റ്‌നാമിനെ മാറ്റുന്നു. ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഇ-വീസ, ഓണ്‍ അറൈവല്‍ വീസ സംവിധാനങ്ങളാണ് വിയറ്റ്‌നാം യാത്രക്കായി ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.