
സ്വന്തം ലേഖകൻ: തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ബിഗില്‍ സിനിമയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നെയ്‌വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്.
ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിജയയുടെ സിനിമയായ ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ് സിനിമാ കമ്പനിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു.
നിർമാണ കമ്പനി ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്തത്. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്.
ബിഗിലിന്‍റെ നിര്‍മാതാക്കളായ എ.ജി.എസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ഇരുപത് ഒാഫീസുകളില്‍ രാവിലെ മുതല്‍ പരിശോധന നടക്കുന്നുണ്ട്. ബിഗിലിന്‍റെ ക്രിയേറ്റിവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പ്പാത്തി അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. വിജയ്‍യെ കസ്റ്റഡിയിലെടുത്തതോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് ഇതോടെ നിർത്തിവച്ചു. വിജയ്‌യെ ചെന്നൈയിൽ എത്തിക്കുമെന്നാണ് സൂചന.
ബുധനാഴ്ച രാവിലെ മുതൽ നിർമാണ കമ്പനിയായ എജിഎസ് സിനിമാസിന്റെ ഓഫിസുകളിലും അവരുടെ ഉടമസ്ഥതയിലുള്ള 20 ഇടങ്ങളിലും സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു.
കഴിഞ്ഞ വര്‍ഷം തിയേറ്ററിലെത്തിയ വിജയ് ചിത്രത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുണ്ടായിരുന്നു. മെര്‍സല്‍ എന്ന സിനിമയില്‍ ജി.എസ്.ടിക്ക് എതിരെയും നോട്ട് നിരോധനത്തിനെതിരെയും പരാമര്‍ശങ്ങളുണ്ടായപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല