1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2020

സ്വന്തം ലേഖകൻ: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടൻ വിജയ് സിനിമാ ലൊക്കേഷനിൽ തിരികെയെത്തി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് അദ്ദേഹം എത്തിയത്. ഇവിടെവെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നെയ്‌വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയ്‌യെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും മറ്റ് അണിയറപ്രവര്‍ത്തകരും വരവേറ്റത്. വിജയ് ഒരു പത്രസമ്മേളനം നടത്തുമെന്ന പ്രതീക്ഷയില്‍ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചോദ്യം ചെയ്യല്‍ ഷൂട്ടിങ്ങിനെ ബാധിച്ചിരുന്നില്ല. വിജയ് സേതുപതിയുടെയും മറ്റ് അഭിനേതാക്കളുടെയും ഭാഗങ്ങളാണ് വ്യാഴാഴ്ച ചിത്രീകരിച്ചത്.

മാസ്റ്ററില്‍ വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ, ഗൗരി ജി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. സേവ്യര്‍ ബ്രിട്ടോയുടെ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് നിര്‍മാണം.

വിജയ് നായകനായ ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. വിജയ് യുടെയും ചിത്രത്തിന്റെ നിര്‍മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനകളില്‍ പണം കണ്ടെത്തിയിട്ടില്ല. എന്നാല്‍, സ്വത്തുകള്‍സംബന്ധിച്ച രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോയിട്ടുണ്ട്. 300 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി സംശയിക്കുന്നുണ്ടെന്ന് ആദായനികുതി അധികൃതര്‍ പറഞ്ഞു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍ത് വിട്ടതിന് പിന്നാലെ നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. ചിത്രം മാസ്റ്റേഴ്‍സിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. നെയ്‍വേലിയിലെ ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്‍റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ലിഗ്നൈറ്റ് കോർപ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

സംഭവത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ ലൊക്കേഷന് മുന്നിൽ തടിച്ചുകൂടി വിജയ് ആരാധകർ. ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് വിജയുടെ ആരാധകരിൽ നിരവധി പേർ ഇവിടേക്ക് എത്തിയത്. എന്നാൽ സംയമനം പാലിക്കണമെന്ന് ആരാധകരോട് വിജയ് നേരിട്ടെത്തി അഭ്യർത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.