1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2017

 

സ്വന്തം ലേഖകന്‍: ബാങ്കുകളില്‍ നിന്ന് കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍. ഇതിനായി നിയമപരമായ രേഖകള്‍ കൈമാറണമെന്ന് ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് 2016 മാര്‍ച്ച് രണ്ടിനാണ് രാജ്യസഭാ എംപി കൂടിയായിരുന്ന മല്യ ഇന്ത്യ വിട്ടത്. മല്യയെ മടക്കിക്കൊണ്ടുവരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയിരുന്നു.

തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും വിദേശമന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യറാണെന്ന് ബ്രിട്ടന്‍ അറിയിച്ചത്. വിജയ് മല്യ, ഐ.പി.എല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോദി, മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്‍ ഉള്‍പ്പെടെ അറുപത് പേരുടെ പട്ടികയാണ് ഇന്ത്യ ബ്രിട്ടന് കൈമാറിയത്. മുംബൈ, ഡല്‍ഹി കോടതികളുടെ വിജയ് മല്യക്കെതിരെയുള്ള അറസ്റ്റ് വാറന്റും കൈമാറിയ രേഖകളില്‍പ്പെടും.

ഒമ്പതിനായിരം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ കഴിഞ്ഞ വര്‍ഷം മേയിലാണ് വിജയ് മല്യ യുകെയിലേക്ക് മുങ്ങിയത്. ഇന്ത്യയുകെ മ്യൂചല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റിയുടെ ഭാഗമായി മല്യയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിച്ച് വിധി പുറപ്പെടുവിച്ചതാണ് മല്യക്ക് തിരിച്ചടിയായത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരാസ മേയുടെ സന്ദര്‍ശന വേളയിലും മല്യയുള്‍പ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, 9000 കോടിരൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വിജയ് മല്യ രാജ്യംവിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോഴേയ്ക്കും മല്യ മുങ്ങുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.