1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2020

സ്വന്തം ലേഖകൻ: വിജയ്‌യുടെ പേരിൽ പുതിയ രാഷ്ട്രീയ പാർ‌‌ട്ടി രൂപീകരിക്കാൻ എസ്.എ ചന്ദ്രശേഖർ തിരഞ്ഞെ‌ടുപ്പു കമ്മീഷനിൽ അപേക്ഷ നൽകിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. പിതാവിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ വിജയ്, തന്റെ പേര് ദുരുപയോ​ഗം ചെയ്താൽ നിയമന‌പടി സ്വീകരിക്കുമെന്ന് താക്കീത് നൽകി. തൊട്ടുപിന്നാലെ അമ്മ ശോഭ ചന്ദ്രശേഖറും എസ്.എ ചന്ദ്രശേഖറിനെ തള്ളിപ്പറഞ്ഞ് രം​ഗത്തെത്തി. വിജയും പിതാവും ഇപ്പോൾ പരസ്പരം മിണ്ടാറില്ലെന്നും തന്നെ തെറ്റിദ്ധരിപ്പിച്ച് ചില രേഖകൾ ഒപ്പി‌ട്ട് വാങ്ങുകയായിരുന്നുവെന്നും ശോഭ പറഞ്ഞു.

ഇപ്പോൾ വിവാദങ്ങളിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് എസ്.എ ചന്ദ്രശേഖർ. വിജയിന് പുറത്ത് ന‌ടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയില്ലെന്നും, അദ്ദേഹം ഒരു ഇരുമ്പുകൂട്ടിലാണെന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എസ്.എ ചന്ദ്രശേഖർ പറഞ്ഞു. വിജയ് സത്യം മനസ്സിലാക്കി തന്നിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“സമൂഹ മാധ്യമങ്ങളിൽ വിജയ് ആരാധകരാണെന്ന വ്യാജേന ചില ​ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവർ വിജയുടെ കൂടെ നിന്ന് അദ്ദേഹത്തിനെതിരേ പ്രവർത്തിക്കുന്നു. വിജയ് യുടെ യഥാർഥ ആരാധകർക്കും അതറിയാം. എന്നാൽ വിജയ് അത് അറിയുന്നില്ല. വിജയിന് പുറത്ത് ന‌‌ടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ധാരണയില്ല. ഞാൻ ഇതെല്ലാം ഒരുപാട് തവണ പറഞ്ഞു നോക്കി പക്ഷേ അദ്ദേഹം കേൾക്കുന്നില്ല. കാരണം വിജയിന് മറ്റുള്ളവരുടെ കള്ളത്തരം തിരിച്ചറിയില്ല. എനിക്കെതിരേ പോലും വിജയ് പ്രതികരിച്ചത് അവരുടെ സ്വാധീനം കൊണ്ടു മാത്രമാണ്. ഇത് ഭാവിയിൽ വിജയിന് എത്രപ്രശ്നം ഉണ്ടാകുമെന്ന് ഒരു ചിന്തിച്ചു നോക്കൂ. ഞാൻ ഈ സത്യം തിരിച്ചറിഞ്ഞത് ഈയ‌ടുത്താണ്,” ചന്ദ്രശേഖർ പറയുന്നു.

വിജയ് തനിക്കെതിരേ നിയമപടി സ്വീകരിച്ചാൽ ജയിലിൽ പോകാൻ പോലും തയ്യറാണെന്നും എസ്. എ ചന്ദ്രശേഖർ പറയുന്നു. തനിക്കെതിരേ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പ്രസ്താവന പോലും വിജയുടെ വാക്കുകൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിജയ്‌യുടെ പേരില്‍ സംഘടന രൂപീകരിക്കാനാണെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ ചില രേഖകളില്‍ ഒപ്പിടിച്ചതെന്നും അത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ശോഭ വെളിപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖറിന്റെ നീക്കമെന്ന് ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. മകനറിയാതെ ചെയ്യുന്ന കാര്യങ്ങളില്‍ താന്‍ പങ്കാളിയാകില്ലെന്ന് അപ്പോള്‍ തന്നെ ഭര്‍ത്താവിനെ അറിയിച്ചിരുന്നുവെന്നും ശോഭ വ്യക്തമാക്കി. പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്ത് ശോഭയെയാണ് ചന്ദ്രശേഖര്‍ നിയോഗിച്ചത്. എന്നാല്‍ ഈ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തരുതെന്ന് വിജയ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം വകവയ്ക്കാതെയാണ് ചന്ദ്രശേഖര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതോടെ വിജയ് അച്ഛനോട് സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. വിജയ് ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന കാര്യത്തില്‍ ഉത്തരം നല്‍കാന്‍ വിജയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ശോഭ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.