
സ്വന്തം ലേഖകൻ: കനത്ത വെള്ളക്കെട്ടിൽ കൊച്ചി നഗരം മുങ്ങിയപ്പോൾ എല്ലാ ദുരിതങ്ങൾക്കും വേലിയേറ്റത്തെ കുറ്റം പറഞ്ഞ കൊച്ചി കോർപ്പറേഷനെതിരെ ആഞ്ഞടിച്ച് നടൻ വിനായകൻ. “കൊച്ചി കോർപ്പറേഷൻ പിരിച്ചു വിടണം. ജിസിഡിഎ എന്നൊരു കെട്ടിടമുയർന്ന് നിൽപ്പുണ്ടല്ലോ? പൊളിച്ചു കളയണം അത്,” വിനായകൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കൊച്ചിയിലെ വെള്ളക്കെട്ടിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ രൂക്ഷമായ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് വിനായകൻ രംഗത്തെത്തിയത്.
“ആദ്യം അവർ മറൈൻ ഡ്രൈവ് ഉണ്ടാക്കി. പിന്നെ ആർക്കോ വേണ്ടി മറൈൻ വാക്ക് ഉണ്ടാക്കി. ബോൾഗാട്ടിയുടെ മുന്നിൽ കുറച്ച് കൂടി കായൽ നികത്തി. ഇനി കൊച്ചി കായൽ കുറച്ച് കൂടിയേയുള്ളൂ. അതു കൂടി ഉടനടി നികത്തണം കേട്ടോ. അതു കൂടി നികത്തിക്കഴിഞ്ഞാൽ എല്ലാവർക്കും സന്തോഷമാകുമെന്നാണ് എനിക്ക് തോന്നുന്നത്,” വിനായകൻ പറയുന്നു.
“ആർക്ക് വേണ്ടിയാണ് തോടും കായലുമെല്ലാം കോർപ്പറേഷൻ നികത്താൻ സമ്മതിക്കുന്നതെന്ന് വിനായകൻ ചോദിക്കുന്നു. ”ഇതൊന്നും നന്നാകാൻ പോകുന്നില്ല. ആർക്കോ വേണ്ടി ഇവരിതെല്ലാം നികത്തി നികത്തി നികത്തി പോകുവാണ്. ആർക്ക് വേണ്ടിയാണ് ഇത് നികത്തുന്നത് ഇവിടെ ടൗൺ പ്ലാനിംഗ് എന്നൊരു പരിപാടിയില്ലേ? ഇവർക്കൊരു പ്ലാൻ ഇല്ലേ? ഒട്ടും വിദ്യാഭ്യാസമില്ലാത്ത എനിക്ക് പോലും ഇതിലെ പൊള്ളത്തരം മനസ്സിലാകുന്നുണ്ടല്ലോ? ഇത്രയും വിദ്യാഭ്യാസമുള്ള ഇവരിതെന്താണ് ചെയ്യുന്നത്?” വിനായകൻ ചോദിക്കുന്നു.
“ഇവിടെ ജിസിഡിഎ എന്നൊരു സ്ഥാപനമുണ്ട്. കോർപ്പറേഷൻ ഉണ്ട്. ഇവിടത്തെ കായലെവിടെ? തോടുകളെവിടെപ്പോയി? ഇതൊക്കെ ഇവരോട് തന്നെ ചോദിക്കണം,” എന്നും വിനായകൻ തുറന്നടിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ട് വേലിയേറ്റം കൊണ്ടാണെന്ന് ഹൈക്കോടതിയിൽ പറഞ്ഞ കോർപ്പറേഷനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു വിനായകൻ.
“വേലിയേറ്റവും വേലിയിറക്കവുമെല്ലാം ഈ നാട്ടിലുണ്ടാവുന്നതാണ്. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ പ്രശ്നമല്ല. ഇവിടത്തെ തോടുകളൊന്നും കാണാനില്ല. ഇവിടത്തെ തോടുകളൊക്കെ ആ കാണുന്ന കാനകളായി മാറി. പനമ്പിള്ളി നഗർ നമ്മൾ കാണുന്നതല്ലേ? ഇവിടെ മുമ്പ് താമസിച്ചിരുന്ന നാട്ടുകാർ താമസിച്ചിരുന്ന സ്ഥലമൊന്നും ഇപ്പോ കാണാനില്ല. ഇവിടത്തുകാർ താമസിച്ചിരുന്ന ആ സ്ഥലമൊക്കെ എവിടെപ്പോയി? നാട്ടുകാരൊക്കെ അതിനപ്പുറത്തെ അഴുക്കിൽ കിടപ്പുണ്ട്. എന്‍റെ ബന്ധുക്കളടക്കമുണ്ടവിടെ,” വിനായകൻ പറയുന്നു.
‘“ഈ കൊച്ചിയെ ഇവർ കട്ടുമുടിച്ച് തീർത്തു. ആരാണ് ചെയ്യുന്നത് ഇടതോ വലതോ അതല്ല പ്രശ്നം. ജനമിറങ്ങും ഇവരുടെയൊക്കെ വീട്ടിൽ കയറും. ഇതിലൊക്കെ തട്ടിപ്പ് നടത്തുന്ന, കാശടിച്ച് മാറ്റുന്ന ആളുകളുടെ വീട്ടിൽ ജനം കയറും. അത് ഇവരു തന്നെ ഉണ്ടാക്കി വയ്ക്കുന്നതാണ്. ‘വോട്ടിംഗ് ശതമാനം കുറഞ്ഞത് വെള്ളപ്പൊക്കം കൊണ്ടൊന്നുമല്ല, കോർപ്പറേഷൻ പിരിച്ചുവിടണ്ട സമയം കഴിഞ്ഞു. ജിസിഡിഎ എന്നൊരു കെട്ടിടമുണ്ടവിടെ. അത് തല്ലിപ്പൊളിച്ച് കളയണം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നാണ് ഇതിന്‍റെ പരിപാടി,” എന്നും താരം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല