1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2023

സ്വന്തം ലേഖകൻ: മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം.

സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് വിദ്യാര്‍ഥികളുടെ താമസം. സര്‍വകലാശാലയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാര്‍ഗങ്ങള്‍ തേടാനോ സാധിക്കില്ല. സര്‍വകലാശാലയ്ക്കുള്ളിലും ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്.

സര്‍വകലാശാലയും ഹോസ്റ്റലും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പസില്‍ ശേഷിക്കുന്നവര്‍ക്കായി സര്‍വകലാശാല അധികൃതര്‍ ഗസ്റ്റ്ഹൗസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവിടെയാണ് നിലവില്‍ വിദ്യാര്‍ഥികളുള്ളത്.

അതിനിടെ മണിപ്പൂരിലെ ഗ്രാമങ്ങളില്‍ അശാന്തിയുടെ രാപ്പകലുകളാണ്. അ‍ഞ്ചുദിവസം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രശ്നബാധിത ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. എന്നാല്‍ സൈന്യമിറങ്ങിയിട്ടും ഭീതിയൊഴിയുന്നില്ലെന്ന് മണിപ്പൂരുകാര്‍ പറയുന്നു.

ണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തി വംശജരെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതിവിധിയും അത് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കവുമാണ് കലാപത്തിന് വഴിയൊരുക്കിയത്. കോടതിവിധിക്കെതിരെ മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി.

ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ നടത്തിയ ഗോത്രൈക്യ റാലിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് മലനിരകളില്‍ നിന്ന് ഗോത്രവിഭാഗക്കാര്‍ താഴ്‍വരകളിലേക്ക് സമരത്തിനെത്തി. ഗ്രാമങ്ങളിലെ കുടിലുകള്‍ അഗ്നിക്കിരയായി.

മണിപ്പൂരിലെ പ്രാക്തന ജനവിഭാഗമെന്ന് അവകാശപ്പെടുന്ന മെയ്തികള്‍ ഇംഫാലിനോടുചേര്‍ന്ന താഴ്​വരകളിലാണ് താമസിക്കുന്നത്. ഗോത്രസംവരണത്തിനുവേണ്ടിയുള്ള മെയ്തികളുടെ ആവശ്യത്തിന് ഒരു ദശാബ്ദം പഴക്കമുണ്ട്. മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം താഴ്​വരയിലെ സമാധാനം തകര്‍ത്തുവെന്നും ജീവിതം നിലനിര്‍ത്താന്‍ ഗോത്രവിഭാഗങ്ങള്‍ക്ക് ഉള്ളതുപോലെ പ്രത്യേക പരിരക്ഷ വേണമെന്നുമാണ് മെയ്തികളുടെ ആവശ്യം.

തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിനും നികുതിയിളവിനും പുറമേ പൂര്‍വികരുടെ ഭൂമിയും സംസ്കാരവും സ്വത്വവും സംരക്ഷിക്കുന്നതിനും പ്രത്യേക പരിരക്ഷ വേണമെന്ന് മെയ്തികളുടെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡിമാന്‍ഡ് കമ്മിറ്റി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച കോടതി നാലാഴ്ചയ്ക്കകം മെയ്തികളെ ഗോത്രവിഭാഗത്തിലുള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ഇക്കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ശുപാര്‍ശ ചെയ്തു. സമത്വത്തിനും അന്തസോടെ ജീവിക്കാനുമുള്ള അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്നായിരുന്ന ഹര്‍ജിക്കാരുടെ വാദം. ഇപ്പോള്‍ ഒബിസി വിഭാഗത്തിലുള്ള മെയ്തികളാണ് മണിപ്പൂര്‍ നിയമസഭയിലും ഭൂരിപക്ഷം. മെയ്തികളില്‍ തന്നെ ഭൂരിപക്ഷം ഹിന്ദുക്കളും ശേഷിക്കുന്ന എട്ട് ശതമാനം പേര്‍ മുസ്​ലിംകളുമാണ്.

കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. റജിസ്ട്രാര്‍ ജനറല്‍ ഇത് അംഗീകരിച്ചാല്‍ ഫയല്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷനിലെത്തും. അവരും അംഗീകരിച്ചാല്‍ പട്ടികവര്‍ഗ മന്ത്രാലയത്തിലേക്ക് പോകും. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോഴാണ് ഗോത്രപദവി ഔദ്യോഗികമാവുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.