സ്വന്തം ലേഖകന്‍: പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായ ആ പച്ചക്കുപ്പായക്കാരി ഇതാണ്. പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു കൂട്ടം ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടി ചെണ്ടമേളം കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് തുള്ളിച്ചാടുന്നതാണ് വീഡിയോ. നിരവധിപേരാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ പ്രകടനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചതെങ്കിലും ആരാണ് ആ പെണ്‍കുട്ടി എന്നായിരുന്നു ആളുകളൊക്കെ ഉന്നയിച്ച ചോദ്യം. സോഷ്യല്‍ മീഡിയ തന്നെ ഈ ചോദ്യത്തിന് ഉത്തരവും കണ്ടുപിടിച്ചു.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായ അജിയുടെയും ചെങ്ങന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയായ സിനിയുടെയും മകള്‍ പാര്‍വ്വതിയാണ് സോഷ്യല്‍ മീഡിയയുടെ കയ്യടിവാങ്ങിയ മിടുക്കി.
ആലപ്പുഴ ജില്ലയിലെ നൂറനാട് ശ്രീ ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പാര്‍വതി. ഉത്സവങ്ങളെയും ആനകളെയും ഇഷ്ടപ്പെടുന്ന, ഈ പതിനാലുകാരിയുടെ സ്വദേശം പത്തനംതിട്ട പള്ളിക്കല്‍ ആണ്.
തിരക്കിന്റെ പേരില്‍ പൂരപ്പറമ്പുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഈ പെണ്‍കുട്ടി പ്രചോദനമാണെന്നും പെണ്‍കുട്ടികളുടെ ഇത്തരത്തിലുള്ള മനോഭാവത്തെ പിന്തിരിപ്പിക്കേണ്ട കാര്യമില്ലെന്നും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായം. പൂരപ്പറമ്പുകള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല, പെണ്‍കുട്ടികള്‍ക്കുകൂടി ഉള്ളതാണെന്ന അടിക്കുറിപ്പോടെയായിരുന്നു പലരും വീഡിയോ ഷെയര്‍ ചെയ്തിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല