1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2019

സ്വന്തം ലേഖകൻ: ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി തികച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ സെഞ്ചുറി നേട്ടം 27 ആക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ആകെ 70 സെഞ്ചുറികളാണ് ഇപ്പോൾ ഇന്ത്യൻ നായകന്റെ അക്കൗണ്ടിലുള്ളത്. 59 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കോഹ്‌ലി രണ്ടാം ദിനം അനായാസം സെഞ്ചുറിയിലേക്ക് ബാറ്റു വീശുകയായിരുന്നു. 194 പന്തിൽ 18 ബൗണ്ടറികളടക്കം 136 റൺസ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്.

നായകനെന്ന നിലയിൽ 20-ാം സെഞ്ചുറി തികച്ച കോഹ്‌ലി, ഓസിസ് ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡാണ് തിരുത്തിയത്. നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തി. 25 സെഞ്ചുറികളുള്ള ഗ്രെയിംം സ്മിത്താണ് പട്ടികയിൽ മുന്നിൽ.

നായകനെന്ന നിലയിൽ എല്ലാ ഫോർമാറ്റുകളിലുമായി 41 സെഞ്ചുറികളാണ് വിരാട് കോഹ്‌ലിയുടെ പേരിലുള്ളത്. ഈ പട്ടികയിലും ഒന്നാം സ്ഥാനത്തെത്താൻ കോഹ്‌ലിക്കായി. 41 സെഞ്ചുറികൾ തന്നെയുള്ള റിക്കി പോണ്ടിങ്ങിനൊപ്പം കോഹ്‌ലി നേട്ടം പങ്കിടും. എന്നാൽ 41 സെഞ്ചുറികളിലേക്കെത്താൻ പോണ്ടിങ്ങിന് വേണ്ടിവന്നത് 376 ഇന്നിങ്സാണ്. കോഹ്‌ലി തന്റെ 188 ഇന്നിങ്സിൽ 41 സെഞ്ചുറികൾ തികയ്ക്കുകയും ചെയ്തു.

അതിവേഗം 27 ടെസ്റ്റ് സെഞ്ചുറികൾ തികയ്ക്കുന്ന രണ്ടാമത്തെ താരമായും കോഹ്‌ലി മാറി. 70 സെഞ്ചുറികൾ അതിവേഗം തികയ്ക്കുന്ന താരവും കോഹ്‌ലി തന്നെ. എല്ലാ ഫോർമാറ്റുകളിലുമായി 439 ഇന്നിങ്സുകളിൽ നിന്നാണ് താരം 70 സെഞ്ചുറിയിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള സച്ചിൻ 505 ഇന്നിങ്സുകളിൽ നിന്നും മൂന്നാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങ് 649 ഇന്നിങ്സുകളിൽ നിന്നുമാണ് 70 സെഞ്ചുറികളിലെത്തിയത്.

ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 5,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കോഹ്‌ലി സ്വന്തമാക്കി. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് മത്സരത്തോടെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോഹ്‌ലിയുടെ ചരിത്ര നേട്ടം. രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കോഹ്‌ലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.