1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2015

സ്വന്തം ലേഖകന്‍: വെടിക്കെട്ടുകളുടെ രാജകുമാരന്‍ ഇനിയില്ല, വീരേന്ദര്‍ സേവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഒരു ദിവസത്തെ ആശയക്കുഴപ്പത്തിനും വ്യാജ വാര്‍ത്തകള്‍ക്കും ഒടുവില്‍ വീരേന്ദര്‍ സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐ പി എല്ലില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

ട്വിറ്ററിലാണ് സേവാഗ് ഇക്കാര്യം അറിയിച്ചത്. മുപ്പത്തിയേഴാം പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 20 ന് തന്നെയാണ് വീരുവിന്റെ വിരമിക്കല്‍ വാര്‍ത്ത എത്തിയത്. നേരത്തെ സേവാഗ് വിരമിച്ചെന്നും ഇല്ലെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐ പി എല്ലില്‍ നിന്നും ഞാന്‍ വിരമിക്കുകയാണ്. വിശദമായ പ്രസ്താവന പിന്നീട്, സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ സേവാഗ് വിരമിച്ചതായി തിങ്കളാഴ്ച രാത്രി തന്നെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ സേവാഗ് തന്നെ ഇത് നിഷേധിക്കുകയും ചെയ്തു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം താന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്ന് സേവാഗ് ദുബായില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു

സുനില്‍ ഗാവ്‌സകറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനായിട്ടാണ് വീരേന്ദര്‍ സേവാഗ് കരുതപ്പെടുന്നത്. സച്ചിനൊപ്പം ഏകദിനത്തിലും ഗംഭീറിനൊപ്പം ടെസ്റ്റിലും സേവാഗ് മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകള്‍ തീര്‍ത്തു. മോശം ഫോമും കാഴ്ച മങ്ങലും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

ദുബായില്‍ നടക്കാനിരിക്കുന്ന മാസ്റ്റേഴ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ വേണ്ടിയാണ് വീരു വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. വിരമിച്ച കളിക്കാര്‍ക്ക് മാത്രമേ മാസ്‌റ്റേഴ്‌സ് ലീഗില്‍ കളിക്കാന്‍ പറ്റൂ. വീരു കളമൊഴിയുന്നതോടെ ക്രീസില്‍ മാലപ്പടക്കം പൊട്ടിച്ചിരുന്ന ആ ബാറ്റിംഗ് കൂടിയാണ് ഓര്‍മ്മയാകുന്നത്. ബോളറുടെ മുഖം നോക്കാതെ അടിച്ചുപരത്തി ഗാലറികളെ തീപിടിപ്പിച്ചിരുന്ന ആ പ്രകടനം ഒരിക്കല്‍ കൂടി കാണാം…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.