1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2023

സ്വന്തം ലേഖകൻ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള എഴുനൂറോളം വിദ്യാര്‍ഥികള്‍ കാനഡയില്‍ പ്രതിസന്ധിയില്‍. ഇവരെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ കടന്നു. വിദ്യാര്‍ഥികള്‍ക്ക് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ (സിബിഎസ്എ) കത്ത് ലഭിച്ചതായാണ് വിവരം.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ 700 വിദ്യാർഥികൾ ജലന്ധര്‍ ആസ്ഥാനമായിട്ടുള്ള ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസസ് വഴിയാണ് പഠന വീസയ്ക്ക് അപേക്ഷിച്ചത്. പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട് ഹംബർ കോളജിലേക്കുള്ള പ്രവേശന ഫീസ് ഉൾപ്പെടെ എല്ലാ ചെലവുകൾക്കുമായി ഒരു വിദ്യാർഥിയില്‍ നിന്ന് 16 ലക്ഷത്തിലധികം രൂപയാണ് ഈടാക്കിയത്. വിമാന ടിക്കറ്റുകളും സുരക്ഷാ നിക്ഷേപങ്ങളും ഒഴികൊയാണിത്.

2018-19 കാലഘട്ടത്തിലാണ് ഇവര്‍ കാനഡയിലെത്തിയത്. പെര്‍മെനന്റ് റെസിഡന്‍സിക്കായി (പിആര്‍) വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സിബിഎസ്എ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധനക്ക് വിധേയമാക്കുകയും ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ഭൂരിഭാഗം വിദ്യാര്‍ഥികളും അവരുടെ പഠനം പൂര്‍ത്തിയാക്കുകയും ജോലിക്കുള്ള പെര്‍മിറ്റ് നേടുകയും ചെയ്തവരാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പിആറിനായി അപേക്ഷിച്ചപ്പോഴാണ് പ്രതിസന്ധിയിലായത്. ഇതാദ്യമായാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇത്ര വലിയൊരു തട്ടിപ്പ് കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇത്തരം തട്ടിപ്പുകളിൽ ഒന്നിലധികം ഘടകങ്ങൾ ഉൾപ്പെട്ടിരിക്കാമെന്നാണ് കഴിഞ്ഞ 10 വർഷമായി കാനഡയിലേക്ക് വിദ്യാർഥികളെ അയക്കുന്ന ജലന്ധർ ആസ്ഥാനമായുള്ള ഒരു കൺസൾട്ടന്റ് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിക്കവെ വ്യക്തമാക്കിയത്. കോളജുകളുടെ വ്യാജ ഓഫർ ലെറ്ററുകൾ, വീസയ്ക്കായി വിദ്യാർഥികൾക്ക് ഫീസ് അടച്ചതിന്റെ വ്യാജ രസീത് എന്നിങ്ങനെയെല്ലാം കാരണമാകാമെന്നും കണ്‍സള്‍ട്ടന്റ് പറയുന്നു.

വീസയുടെ സമയത്ത് സ്വകാര്യ കോളജില്‍ അഡ്മിഷന്‍ ലഭിക്കുകയും പിന്നീട് കാനഡയിലെത്തിയ ശേഷം സര്‍ക്കാര്‍ കോളജുകളിലേക്ക് മാറിയ വിദ്യാര്‍ഥികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ മാറുന്ന കോളജുകളില്‍ നിന്ന് ലഭിക്കുന്ന അഡ്മിഷന്‍ ഓഫറുകളിലെ തെറ്റുകളാകാമെന്നും വിദ്യാര്‍ഥികള്‍ക്ക് ഇതിനെക്കുറിച്ച് അറിവ് കുറവായതിനാല്‍ പരിശോധിക്കാറില്ലെന്നും മറ്റൊരു കണ്‍സള്‍ട്ടന്റ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.