
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി. എമിറേറ്റിലെ 9 വിനോദ സഞ്ചാര കേന്ദ്രങ്ങളെയും 9 ഹോട്ടലുകളെയും ബന്ധിച്ചാണ് ‘വിസിറ്റ് അബുദാബി ഷട്ടിൽ ബസ്’ എന്ന പുതിയ സർവീസ് ആരംഭിച്ചത്. 2 റൂട്ടുകളിലായി 18 സ്റ്റോപ്പുകളുണ്ടാകും. ആഗോള മേളയായ ദുബായ് എക്സ്പോ 2020 കാണാനും അബുദാബി നഗരത്തിൽനിന്ന് സൗജന്യ യാത്ര ഒരുക്കുന്നുണ്ടെന്ന് സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് (ഡിസിടി) അറിയിച്ചു.
യാസ് ദ്വീപ്, ജുബൈൽ ദ്വീപ്, സാദിയാത്ത് ദ്വീപ്, അബുദാബി ടൗൺ സെന്റർ, ഗ്രാൻഡ് കനാൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വൈകാതെ കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തി സേവനം വിപുലീകരിക്കും. നിലവിൽ 11 ബസുകൾ നഗരം ചുറ്റിക്കറങ്ങി സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കും.
വിസിറ്റ് അബുദാബി (https://visitabudhabi.ae) വെബ് സൈറ്റിലൂടെ വ്യക്തിഗത വിവരങ്ങൾ നൽകി സൗജന്യ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാം. വിനോദസഞ്ചാരികൾ താമസിക്കുന്ന ഹോട്ടലിന്റെ ബുക്കിങോ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റോ ഉള്ളവർക്കാണ് ബുക്ക് ചെയ്യാനാവുക. ഈ വിവരങ്ങൾ കൂടി നൽകി ബുക്ക് ചെയ്യുമ്പോൾ ക്യുആർ കോഡുള്ള വൗച്ചർ ലഭിക്കും.
ഇതുപയോഗിച്ച് ബസിന്റെയും റൂട്ടിന്റെയും വിശദാംശങ്ങളും അറിയാം. വൈഫൈ ഉൾപ്പെടെ നൂതന സൗകര്യങ്ങളുള്ള ബസിൽ വീൽചെയർ സഞ്ചാരികൾക്ക് പ്രത്യേക ഇടമുണ്ടെന്ന് ടൂറിസം ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അലി ഹസൻ അൽ ഷൈബ പറഞ്ഞു. രാജ്യാന്തര നിലവാരമുള്ള സൗകര്യം ഒരുക്കി അബുദാബിയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല