1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2022

സ്വന്തം ലേഖകൻ: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും ആകെ പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണവും സഭയുടെ പിന്തുണയോടെ തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗത്തിനെതിരെയാണ്. വൈദികരടക്കം 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെതിരേയും കേസെടുത്തിട്ടുണ്ട്. കലാപാഹ്വാനം, ജനങ്ങള്‍ക്കും പോലീസിനും നേരെയുള്ള ആക്രമണം, ഇതരമതസ്ഥരുടെ സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കല്‍ എന്നിവയുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. കൂടാതെ സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലുള്ള തുറമുഖ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തതിനും കേസെടുത്തിട്ടുണ്ട്.

സമരത്തില്‍ പങ്കെടുക്കാനെത്തിയര്‍ സഞ്ചരിച്ച മുപ്പതോളം വാഹനങ്ങളുടെ നമ്പറടക്കം എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസ്. കലാപാഹ്വാനം, നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതിപ്പട്ടികയിലുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ചയാണ് വിഴിഞ്ഞം തുറമുഖ സമരം സംഘര്‍ഷത്തിന് വഴിമാറിയത്. തുറമുഖത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗവും തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയസമിതി വിഭാഗവും ഏറ്റുമുട്ടി. സംഘര്‍ഷം പിന്നീട് കലാപ സമാനമായ സാഹചര്യത്തിലേക്ക് വഴിമാറുകയും വീടുകള്‍ക്കുനേരെ വരെ അക്രമം ഉണ്ടാവുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.