1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2022

സ്വന്തം ലേഖകൻ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 138–ാം ദിവസമാണ് സമരം അവസാനിക്കുന്നത്. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്ന് സമരസമിതി ജനറല്‍ കണ്‍വീനർ മോണ്‍. യൂജിന്‍ എച്ച്.പെരേര അറിയിച്ചു.

കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രതിമാസ വാടക 5,500 രൂപ തന്നെയാണ്. പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല. തീരശോഷണത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്ന് സമരസമിതി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്നാണ് ധാരണ.

തുറമുഖ സെക്രട്ടറിയും കമ്മിറ്റിയിൽ അംഗമാണ്. തുറമുഖ നിർമാണം തടസ്സപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു. ഇന്നു വൈകിട്ട് ചീഫ് സെക്രട്ടറിയുമായും ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുമായും സമരസമിതി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ നടന്ന സമരം ഒത്തുതീര്‍പ്പാക്കിയത് സംബന്ധിച്ച തീരുമാനങ്ങള്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഒന്നര കൊല്ലംകൊണ്ട് ഫ്‌ളാറ്റുകള്‍ നിര്‍മിക്കും, രണ്ടു മാസത്തെ വാടക മുന്‍കൂര്‍ നല്‍കും തുടങ്ങിയ ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സമരം രമ്യമായി അവസാനിപ്പിക്കാന്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ എടുത്ത മുന്‍കൈയും ഇടപെടലും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിക്കുകയുണ്ടായി. എന്നാൽ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം നേരത്തേ സമരസമിതി ഉന്നയിച്ചെങ്കിലും അതിലൊന്നിലും തീർപ്പില്ലാതെയാണ് സമരം ഉപേക്ഷിച്ചത്.

പക്ഷേ, ഈ കേസുകളുടെ തുടർനടപടികൾ ഭാവിയിൽ നിർണായകമാകും. സമരസ്ഥലത്ത് സമരാനുകൂലികളും വിരുദ്ധരും തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിലെടുത്ത കേസാണ് ഇതിൽ പ്രധാനം. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ആർ. ക്രിസ്തുദാസ്, ഫാ. തിയോഡേഷ്യസ്, വികാരി ജനറലും സമരസമിതി കൺവീനറുമായ യൂജിൻ പെരേര എന്നിവരെല്ലാം ഈ കേസിൽ പ്രതികളാണ്.

ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയതിലുള്ള പ്രതിഷേധമാണ് പോലീസ്‌സ്റ്റേഷൻ അക്രമത്തിൽ കലാശിച്ചത്. ഈ അക്രമത്തിൽ കണ്ടാലറിയുന്ന 3000 പേർക്കെതിരേയാണ് കേസ്. ഇതടക്കം കേസുകളിൽ ആകെ 4000 പേർ പ്രതികളായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.