
സ്വന്തം ലേഖകൻ: ചൈന മുന്നോട്ടുവച്ച സമാധാനപദ്ധതിയെ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചയ്ക്ക് അടിസ്ഥാനമാക്കാമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ 3 ദിവസത്തെ റഷ്യ സന്ദർശനം പൂർത്തിയാകവേയാണു പുട്ടിൻ നിലപാടു വ്യക്തമാക്കിയത്. യുക്രെയ്ൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ചൈന സജീവപങ്കു വഹിക്കുന്നതിനെയും റഷ്യ സ്വാഗതം ചെയ്തു.
കഴിഞ്ഞ 100 വർഷത്തിൽ സംഭവിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാവുന്നതെന്നും ഇരുരാജ്യങ്ങളും ഒരുമിച്ചുനിന്നാൽ അവയ്ക്കു നേതൃത്വം നൽകാനാവുമെന്നും ഷി ചിൻപിങ് പറഞ്ഞു. എന്നാൽ, ചൈനയുടെ നിലപാട് നിഷ്പക്ഷമല്ലെന്നും യുക്രെയ്നിൽനിന്നു പിന്മാറാൻ റഷ്യയ്ക്കുമേൽ അവർ സമ്മർദം ചെലുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.
12 നിർദേശങ്ങളാണു സമാധാന പദ്ധതിയായി ചൈന മുന്നോട്ടുവച്ചത്. പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഷി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ഫോൺ സംഭാഷണം നടത്തിയേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു.
സൗദി അറേബ്യയും ഇറാനുമായി സമാധാന ഉടമ്പടിയുണ്ടാക്കാൻ ചൈന മധ്യസ്ഥത വഹിച്ച പശ്ചാത്തലത്തിൽ, പുട്ടിൻ–ഷി കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യമാണു കൽപിക്കപ്പെട്ടത്. എന്നാൽ, ഷി – സെലെൻസ്കി സംഭാഷണം നടക്കാതിരുന്നത് ചൈനയുടെ സമാധാനശ്രമങ്ങൾ കാര്യമായി മുന്നോട്ടുപോയില്ലെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല