1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2016

സ്വന്തം ലേഖകന്‍: ഇറ്റലിക്കും ഓസ്ട്രിയക്കും ഇന്ന് ഹിതപരിശോധനയുടെ അഗ്‌നിപരീക്ഷ, ആശങ്കയോടെ പാര്‍ട്ടികള്‍. ഇറ്റലിയില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അധികാരങ്ങള്‍ ചുരുക്കുക, സെനറ്റ് ഘടന മാറ്റുക, പ്രാദേശിക–പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം കേന്ദ്രഗവണ്‍മെന്റിലാക്കുക എന്നീ നിര്‍ദേശങ്ങളിലാണു ജനഹിത പരിശോധന. ഓസ്ട്രിയയില്‍ മേയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അസാധുവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നത്തെ വോട്ടിംഗ്.

ഇറ്റലിയില്‍ ഇടതുവചായ്‌വുള്ള മധ്യവര്‍ത്തി പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി മാറ്റെയോ റെന്‍സിയാണു ഹിതപരിശോധനയ്ക്കു മുന്‍കൈയെടുത്തത്. ഫ്‌ളോറന്‍സുകാരനായ അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തള്ളിപ്പോയാല്‍ റെന്‍സി രാജിവയ്ക്കും. 1948 ല്‍ ഭരണഘടന സ്വീകരിച്ചശേഷമുള്ള 60 മത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. റെന്‍സി രാജിവച്ചാല്‍ ഇറ്റലി വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും.

രണ്ടാഴ്ച മുമ്പുവരെയുള്ള അഭിപ്രായ വോട്ടെടുപ്പില്‍ റെന്‍സിയുടെ നിര്‍ദേശങ്ങള്‍ തള്ളപ്പെടും എന്നാണു സൂചന. റെന്‍സിയുടെ പാര്‍ട്ടിയും സഖ്യകക്ഷികളും ബിസിനസ് സമൂഹവും റെന്‍സിവച്ച പരിഷ്‌കാരങ്ങളെ അനുകൂലിക്കുന്നു. പ്രതിപക്ഷം മുഴുവന്‍ എതിരാണ്. സില്‍വിയോ ബെര്‍ലുസ് കോണിയുടെ യാഥാസ്ഥിതിക കക്ഷി ഫോഴ്‌സാ ഇറ്റാലിയ, ജനപ്രിയ നീക്കങ്ങളുടെ പാര്‍ട്ടി ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റ്, തീവ്രവലതുപക്ഷമായ നോര്‍തേണ്‍ ലീഗ് എന്നിവ. റെന്‍സിയുടെ പാര്‍ട്ടിക്കാരനായ മുന്‍ പ്രധാനമന്ത്രി മാസിമോ ഡി അലേയും എതിരാണ്.

നേരത്തെ ഓസ്ട്രിയന്‍ ജനത പ്രസിഡന്റിനെ തെരഞ്ഞെടുത്തെങ്കിലും ഫലം അസാധുവാക്കപ്പെടുകയായിരുന്നു. അന്ന് ഗ്രീന്‍പാര്‍ട്ടി പിന്താങ്ങിയ സ്വതന്ത്രന്‍ അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ (72) വെറും 31,026 വോട്ടിന് (0.6 ശതമാനം) വിജയിച്ചതാണ്. തോറ്റത് അതിതീവ്ര വലതുപക്ഷക്കാരനായ ഫ്രീഡം പാര്‍ട്ടിയുടെ നോര്‍ബര്‍ട്ട് ഹോഫറും.

ഒക്ടോബര്‍ രണ്ടിലേക്ക് തെരഞ്ഞെടുപ്പുവച്ചെങ്കിലും പോസ്റ്റല്‍ വോട്ടിലെ പശയില്‍ തകരാര്‍ കണ്ടതിനാല്‍ ഇന്നത്തേക്കു നീട്ടിവക്കുകയായിരുന്നു. ജൂലൈ എട്ടിന് ഹൈന്‍സ് ഫിഷര്‍ സ്ഥാനമൊഴിഞ്ഞശേഷം രാജ്യത്തിനു പ്രസിഡന്റുമില്ല. ഇടത്തോട്ടോ വലത്തോട്ടോ ചായ്വുള്ള മധ്യവര്‍ത്തി പാര്‍ട്ടികളാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഓസ്ട്രിയയില്‍ ഭരണം കൈയ്യാളിയിരുന്നത്.

ഇതാദ്യമാണു തീവ്രവലതുപക്ഷം വിജയത്തിനടുത്തെത്തുന്നത്. പ്രസിഡന്റ് പദവി ആലങ്കാരികമാണെങ്കിലും ജനഹിതം എങ്ങോട്ടു നീങ്ങുന്നുവെന്ന് ഈ തെരഞ്ഞെടുപ്പു കാണിക്കുമെന്നതിനാല്‍ പാര്‍ട്ടികള്‍ രണ്ടും കല്‍പ്പിച്ച പോരാട്ടത്തിലാണ്. യൂറോപ്പില്‍ പൊതുവേ തീവ്രവലതുപക്ഷം ശക്തിപ്പെടുന്ന തരംഗമായതിനാല്‍ തെരഞ്ഞെടുപ്പു ഫലം നിരീക്ഷറും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.