1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2019

സ്വന്തം ലേഖകന്‍: കെ.ആര്‍. മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ടി. ബല്‍റാം എംഎല്‍എയുടെ കമന്റ് വിവാദമാകുന്നു; സമൂഹ മാധ്യമങ്ങളില്‍ രണ്ട് പക്ഷമായി തിരിഞ്ഞ് വാക്‌പോര് രൂക്ഷം. കെ.ആര്‍ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വാക്‌പോരിന്റെ തുടക്കം, സാംസ്‌കാരികനായകന്മാര്‍ക്കെതിരെ യൂത്ത്‌കോണ്‍ഗ്രസിന്റെ വാഴപിണ്ടി സമരത്തെ അപലപിച്ച മീര വിടി ബല്‍റാമിനെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ഒന്നുകില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതമനുസരിച്ച് എഴുതുക അല്ലെങ്കില്‍ ഉപദേശിക്കാന്‍ വരുന്ന രാഷ്ട്രീയക്കാരോട് പോകാന്‍ പറയുക,പോ മോനെ ബല രാമ എന്ന മീരയുടെ പരാമര്‍ശമാണ് വിടി ബല്‍റാമിനെ ചൊടിപ്പിച്ചത്. കെആര്‍ മീരയുടെ പോസ്റ്റിനടിയില്‍ ബല്‍റാമിന്റെ മറുപടി വന്നതോടെ പോര് മുറുകി, ബല്‍റാം വ്യംഗ്യമായി തെറിവിളിച്ചുവെന്നായി മീരയുടെ പക്ഷക്കാര്‍,പോ മോനെ ബലരാമ എന്നതിന് മറുപടിയായി പോ മോളെ മീരെ എന്നാരെങ്കിലും എഴുതുമ്പോള്‍ അക്ഷരം പിഴക്കരുതെന്നായിരുന്നു ബല്‍റാമിന്റെ വിവാദ മറുപടി.

കെ.ആര്‍. മീരയെ ഫെയ്‌സ്ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത വി.ടി. ബല്‍റാമിനെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയും രംഗത്തെത്തി.

എം.എല്‍.എയുടെ കമന്റ് അശ്ലീലച്ചുവയുള്ളതാണെന്ന വാദം സമൂഹ മാധ്യമങ്ങളിലും ശക്തമാണ്. പോ മോളെ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബല്‍റാം പറഞ്ഞു.

അതേസമയം,വി ടി ബല്‍റാമിനെതിരെ നിശ്ശിതമായ വിമര്‍ശനവും പരിഹാസവുമായാണ് കെ ആര്‍ മീരയുടെ പുതിയ പ്രതികരണം. ‘വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സിപിഐഎം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?’ എന്നാണ് കെ ആര്‍ മീരയുടെ ചോദ്യം.

ബല്‍റാമിനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് പകരം താന്‍ ഉപവാസം തുടങ്ങാമെന്നും കെ ആര്‍ മീര പറയുന്നു. പക്ഷേ അതിന് എഴുത്തുകാരിക്ക് മൂന്ന് നിബന്ധനകളുണ്ട്. 1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കില്‍ പോരാ. 2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം. 3. മഹീന്‍ അബൂബക്കര്‍, അഷ്‌റഫ് അഫ്‌ലാഹ് മുതല്‍ നല്ല അസഭ്യ പദസമ്പത്തുള്ള വി ടി ബല്‍റാമിന്റെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണമെന്നും മീര വ്യക്തമാക്കുന്നു.

വി.ടി.ബല്‍റാം എം.എല്‍.എക്ക് വിവേകം ഉപദേശിക്കാന്‍ പാര്‍ട്ടിയില്‍ ആരുമില്ലാതാകുന്നത് കഷ്ടമാണെന്ന് സി.പി.ഐ.എം നേതാവും എം.പിയുമായ എം.ബി രാജേഷ്. കെ.ആര്‍ മീരയും വി.ടി ബല്‍റാം എം.എല്‍എയും തമ്മിലുള്ള വാക്ക് തര്‍ക്കം മുറുകുന്നതിനിടെയാണ് എം.ബി രാജേഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലുടെ വി.ടി ബല്‍റാമിനെതിരെ രംഗത്തെത്തിയത്. ബഹുമാന്യനായ ഏ.കെ.ആന്റണി മുതല്‍ കെ.ശങ്കരനാരായണന്‍ വരെ ആ പാര്‍ട്ടിയിലുള്ള പക്വമതികളായ നേതാക്കളാരെങ്കിലും ഉപദേശിക്കേണ്ടതാണെന്ന് രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.