1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2015

സ്വന്തം ലേഖകന്‍: വ്യാപം അഴിമതി, സിബിഐ സംഘം അന്വേഷണത്തിനായി ഭോപ്പാലില്‍. വ്യാഴാഴ്ച സുപ്രീംകോടതിയാണ് കേസ് സി.ബി.ഐ.യെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യസംഘം, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം എന്നിവരില്‍ നിന്നാണ് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നത്. തിങ്കളാഴ്ച ഭോപ്പാലിലെത്തിയ സംഘം ദൗത്യസംഘത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചനടത്തി.

സി.ബി.ഐ. ജോയിന്റ് ഡയറക്ടര്‍(ഐ.ജി.) ആര്‍.പി. അഗര്‍വാളിനാണ് കേസിന്റെ ചുമതല. രാജസ്ഥാനിലെ കുപ്രസിദ്ധമായ ബന്‍വാരിദേവി കൊലക്കേസുള്‍പ്പെടെ ശ്രദ്ധയാകര്‍ഷിച്ച ഒട്ടേറെ കേസുകളുടെ അന്വേഷണത്തിന് നേതൃത്വംകൊടുത്ത ഉദ്യോഗസ്ഥനാണിദ്ദേഹം.

പത്തുവര്‍ഷത്തോളംനീണ്ട നിയമനപ്രവേശനപരീക്ഷാ തട്ടിപ്പുകളുടെ അന്വേഷണത്തില്‍ കേസുകളുടെ വ്യാപ്തിയും ആധിക്യവും സി.ബി.ഐ.ക്ക് വെല്ലുവിളിയാവും. ഏതാണ്ട് 10 ടണ്‍ രേഖകളാണ് കേസുമായി ബന്ധപ്പെട്ട് പ്രത്യേക ദൗത്യസംഘത്തിന്റെ കൈവശമുള്ളത്. ഇവയോരോന്നും പഠിച്ച് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കേണ്ടിവരും. ഇതുവരെ 2100പേരെയാണ് കേസില്‍ അറസ്റ്റുചെയ്തത്. 491 പ്രതികള്‍ ഒളിവിലാണ്.

കേസുമായി ബന്ധമുള്ള 49 പേര്‍ ഇതുവരെ ദുരൂഹമായി മരിച്ചെന്നാണ് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍, പ്രത്യേകാന്വേഷണസംഘം മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്‍കിയ കണക്കില്‍ 25 മരണങ്ങളാണുള്ളത്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്‌സിങ്ങടക്കമുള്ളവര്‍ നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് കേസന്വേഷണം സുപ്രീംകോടതി സി.ബി.ഐ.ക്കു വിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.