1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2021

സ്വന്തം ലേഖകൻ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന് വൻ ജനപിന്തുണ. പ്രതിപക്ഷം ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടയാളുകൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സർക്കാറിനെതിരെ രംഗത്തു വന്നു. ഇത് സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കി.

വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി. പ്രതിപക്ഷം അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

“എനക്കാ കാര്യത്തിൽ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാൻ കഴിയും. അതിനൊപ്പം നിൽക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടേണ്ട രീതിയിൽ നേരിടും. അതു മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ,“ എന്നായിരുന്നു മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതിപക്ഷത്തിന് വീണു കിട്ടിയ രാഷ്ട്രീയ ആയുധമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ, മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവർ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്.

മനസ്സിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

“ഇത് കേരളമാണ് അങ്ങനെയാരും വിരട്ടാൻ നോക്കണ്ട, അങ്ങനെ പേടിപ്പിച്ചിട്ട് ഇവിടെ ഭരിക്കാമെന്ന് ആരും വിചാരിക്കണ്ട. ആ രീതി മുഖ്യമന്ത്രി കൈവിടണം, അത് മുഖ്യമന്ത്രിയുടെ പഴയ രീതിയാണ് അത് ഇവിടെ എടുക്കേണ്ട. അത് പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ എടുക്കേണ്ട രീതിയാണ്. മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് സമരം ചെയ്യുന്നവരെ വിരട്ടി അത് ചെയ്തു കളയും ഇത് ചെയ്തുകളയും എന്നൊന്നും പേടിപ്പിക്കണ്ട ഞങ്ങളവർക്ക് പിന്തുണ കൊടുക്കും,“ അദ്ദേഹം പറഞ്ഞു.

കടയടപ്പിക്കാനുള്ള നടപടികളുമായി പൊലീസ് ഇറങ്ങിയാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നാണ് സുധാകരൻ പ്രഖ്യാപിച്ചത്.

“നിസഹായത കൊണ്ടാണ് വ്യാപാരികൾ കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. സർക്കാരിന്റെ കണ്ണിൽ അത് തെറ്റായിരിക്കാം പക്ഷേ അവരെ അനുനയിപ്പിക്കാനും അവർക്കാവശ്യമായ സഹായങ്ങളും എത്തിക്കാൻ ബാധ്യതപ്പെട്ട ഒരു സർക്കാർ തെരുവ് ഭാഷയിൽ പ്രതികരിച്ചത് കേരളത്തിലെ സമൂഹമനസാക്ഷിക്ക് മുമ്പിൽ ഒരു ചോദ്യ ചിഹ്നമാണ്. ഒരിക്കലും ഒരു മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകളാണ് പിണറായി വിജയനിൽ നിന്ന് ഉണ്ടായത്. ആരോടാണ് മുഖ്യമന്ത്രി ഈ വാക്കുകൾ പറഞ്ഞത് ? കടം കേറി സ്വന്തം കുടുംബത്തിലെ അംഗങ്ങളുടെ സ്വർണം വരെ വിൽക്കേണ്ടി വന്നു ആത്മഹത്യ മുന്നിൽക്കാണുന്ന കച്ചവടക്കാരോടാണ്,“ സുധാകരൻ ചൂണ്ടിക്കാട്ടി.

ആശ്വസിപ്പിച്ച് കൂടെ നിർത്തേണ്ട ബിസിനസ് സമൂഹത്തെ മുഖ്യമന്ത്രി ശത്രുക്കളായാണ് കാണുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

“കട തുറക്കാതെ വ്യാപാരികൾ അവരുടെ ബാധ്യതകൾ എങ്ങനെ നിറവേറ്റാനാണ്. അധ്വാനിച്ച് കഴിയുന്ന എല്ലാവരും ക്ഷമിച്ചു ക്ഷമിച്ചു നിൽക്കുകയാണ്. അപ്പോഴാണ്, നിങ്ങളൊക്കെ മര്യാദയ്ക്ക് നിന്നില്ല എങ്കിൽ കാണിച്ചു തരാം എന്ന് മുഖ്യമന്ത്രി പറയുന്നത്. അത് ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. അവരെ വിരട്ടുകയാണ്. ഞങ്ങളുടെ കൈയിൽ പൊലീസുണ്ട് എന്ന ചിന്തയാണ് എങ്കിൽ അത് കേരളത്തിൽ നടക്കുമെന്ന് തോന്നുന്നില്ല,“ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് വ്യാപാരി വ്യവസായ സമിതി സംസ്ഥാന അധ്യക്ഷൻ വികെസി മമ്മദ് കോയയും കടകൾ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ബിജെപിയും വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അശാസ്ത്രീയമാണ് എന്നാണ് വ്യാപാരികളും പൊതുസമൂഹവും ചൂണ്ടിക്കാട്ടുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം പരിമിത സമയങ്ങളിൽ സ്ഥാപനങ്ങൾ തുറക്കുന്നത് വലിയ തിക്കിനും തിരക്കിനും കാരണമാകുന്നുണ്ട്. ഈ രീതിയുള്ള നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് ഐഎംഎയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ കടുംപിടിത്തം തുടരുകയാണ്.

കോവിഡ് കാലത്ത് സംസ്ഥാനത്ത് ജിഎസ്ടി രജിസ്‌ട്രേഷനുള്ള ഇരുപതിനായിരം വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയെന്നാണ് കണക്ക്. പൂട്ടിയ സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പിന് നൽകിയ അപേക്ഷയനുസരിച്ചുള്ള കണക്കാണിത്. ഇതിനു പുറമേയാണ് രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നതും അടച്ചുപൂട്ടലിൻ്റെ വക്കത്തെത്തിയതുമായ അനേകായിരം ചെറുകിട സ്ഥാപനങ്ങൾ.

പൂട്ടിയ കടകളിൽ 60 ശതമാനം റെസ്റ്ററൻഡുകളാണ്. ഇടത്തരം ജ്വല്ലറികൾ, ബ്രാൻഡഡ് ഷോപ്പുകൾ, ടൂറിസം കേന്ദ്രങ്ങളിലെ കടകൾ എന്നിവയാണ് മറ്റുള്ളവ. മാതൃഭൂമി ഇംഗ്ലീഷാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രജിസ്‌ട്രേഷൻ റദ്ദാക്കൽ നടപടി ക്രമങ്ങളും വ്യാപാരികൾക്ക് തലവേദനയായിട്ടുണ്ട്. റദ്ദാക്കൽ അപേക്ഷ ജിഎസ്ടി വകുപ്പ് അംഗീകരിച്ചാൽ മൂന്ന് മാസത്തിനകം അന്തിമ നികുതി റിട്ടേൺ ഫയൽ ചെയ്യണം. അല്ലെങ്കിൽ പതിനായിരം രൂപയാണ് പിഴ. ഇതില്‍ വീഴ്ച വരുത്തിയാല്‍ അമ്പതിനായിരം രൂപ വരെ പിഴ ഒടുക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.