1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2019

സ്വന്തം ലേഖകൻ: വാളയാര്‍ കേസില്‍ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകുന്നതില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കാന്‍ പൊലീസ് അന്വേഷണം പോരെന്നും അവര്‍ പറഞ്ഞു.

അന്വേഷണം ശരിയായ ദിശയില്‍ നടത്താത്ത പൊലീസില്‍ വിശ്വാസമില്ല. വീണ്ടുമന്വേഷിച്ചാല്‍ രാഷ്ടീയ ഇടപെടല്‍ ഉണ്ടായേക്കുമെന്നും കുടുംബം പറയുന്നു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് പൊലീസ്. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിയ്ക്ക് എതിരെയാണ് പൊലീസ് അപ്പീല്‍ നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്‌സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്.

പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമാണ് പ്രതിഷേധം. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് പൊലീസിനെയും പട്ടികജാതി പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ജീവിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകളുമായി നിരവധി പെൺകുട്ടികളാണ് രംഗത്തെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.