
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വെയില്‍സില്‍ നിയന്ത്രണങ്ങള്‍ തിരിച്ചെത്തിയേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ഫസ്റ്റ് മിനിസ്റ്റര്‍. കോവിഡ് പാസുകളും, വര്‍ക്ക് ഫ്രം ഹോമും ഉള്‍പ്പെടെയുള്ളവ തിരിച്ചെത്തുമെന്നാണ് മാര്‍ക്ക് ഡ്രേക്ക്‌ഫോര്‍ഡ് വ്യക്തമാക്കിയത്. ആശുപത്രി അഡ്മിഷനുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് വിലക്കുകള്‍ തിരികെ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്.
വെയില്‍സില്‍ കൊറോണാ വൈറസ് സൃഷ്ടിക്കാന്‍ ഇടയുള്ള അപകടം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഡ്രേക്ക്‌ഫോര്‍ഡ് വ്യക്തമാക്കുന്നത്. കേസുകള്‍ കുറച്ച് നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ ആലോചിക്കുന്നുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ കോവിഡ് പാസുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ആശയവിനിമയം തുടങ്ങിയിട്ടുണ്ട്. കൂടാതെ വരുന്ന വര്‍ക്ക് ഫ്രം ഹോം നിയമങ്ങള്‍ പ്രാബല്യത്തിലേക്ക് എത്തുന്നതും ചര്‍ച്ചയായിട്ടുണ്ട്.
അടുത്ത മൂന്ന് ആഴ്ചകളില്‍ കേസുകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ ആവശ്യമായി വരുമെന്ന് ഡ്രേക്ക്‌ഫോര്‍ഡ് വ്യക്തമാക്കി. ആശുപത്രിയില്‍ വൈറസുമായി പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് വെയില്‍സില്‍ കടുത്ത നടപടിയ്ക്ക് ആലോചന നടക്കുന്നത്. ഒക്ടോബര്‍ 27ന് കോവിഡ് ബാധിച്ച് വെയില്‍സിലെ ആശുപത്രികളില്‍ എത്തിയത് 680-ലേറെ പേരാണ്.
പോസിറ്റീവ് കേസുകളുടെ എണ്ണം മഹാമാരി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കേസുകള്‍ അടുത്ത ദിവസങ്ങളില്‍ 2600ന് താഴേക്ക് കുറഞ്ഞിട്ടുണ്ട്. ഒദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 33,903 കേസുകളും, സ്‌കോട്ട്‌ലണ്ടില്‍ 2153 കേസുകളും, വെയില്‍സില്‍ 2664, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1122 കേസുകളുമാണ് ഒടുവിലായി കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല