1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2021

സ്വന്തം ലേഖകൻ: വെയിൽസിൽ “സ്റ്റേ അറ്റ് ഹോം“ നിയന്ത്രണത്തിൽ ശനിയാഴ്ച മുതൽ ഇളവ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായാണ് “സ്റ്റേ ലോക്കൽ“ എന്ന പുതിയ മാറ്റം. ചെറിയ ഗ്രൂപ്പുകളായി ഔട്ട്ഡോറിൽ ഒരുമിച്ച് കൂടാൻ ഈ വാരാന്ത്യം മുതൽ ആളുകളെ അനുവദിക്കും.

ശനിയാഴ്ച മുതൽ, രണ്ട് വീടുകളിൽ നിന്നുള്ള നാല് ആളുകൾക്ക് ഉദ്യാനങ്ങൾ ഉൾപ്പെടെ സാമൂഹിക ഇടപെടലുകൾക്കായി വീടിനു പുറത്ത് ഒരുമിച്ച് കൂടാൻ കഴിയും. ബാസ്‌ക്കറ്റ്ബോൾ കോർട്ടുകൾ, ടെന്നീസ് കോർട്ടുകൾ, ഗോൾഫ് കോഴ്‌സുകൾ എന്നിവ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്‌പോർട്‌സ് സൗകര്യങ്ങളും വീണ്ടും തുറക്കാം. കൂടാതെ നിയുക്ത സന്ദർശകർക്കായി കെയർ ഹോം സന്ദർശനങ്ങൾ പുനരാരംഭിക്കും.

കൊറോണ വൈറസ് നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഹെയർഡ്രെസ്സർമാരും ബാർബർഷോപ്പുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. അന്നു തന്നെ എല്ലാ പ്രൈമറി വിദ്യാർത്ഥികളും ക്ലാസുകളിലേക്ക് മടങ്ങും. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനമെടുക്കാം. കോളേജുകളിലും വിദ്യാർഥികൾ ക്ലാസുകളിലേക്ക് മടങ്ങും. ഫെബ്രുവരി 22 മുതൽ ചില പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയിരുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള വെൽഷ് ഗവൺമെന്റിന്റെ ഘട്ടം ഘട്ടമായുള്ള പദ്ധതി പ്രകാരം അത്യാവശ്യമല്ലാത്ത ചില്ലറ വില്പനശാലകൾ മാർച്ച് 22 മുതൽ തുറക്കാം. നിലവിൽ തുറക്കാൻ അനുമതി നൽകിക്കഴിഞ്ഞ കടകളിൽ വിൽക്കാൻ കഴിയുന്ന കാര്യങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗാർഡൻ സെന്ററുകളും വീണ്ടും തുറന്ന് പ്രവർത്തിക്കും. മറ്റ് എല്ലാ കച്ചവട സ്ഥാപനങ്ങളും ഏപ്രിൽ 12 മുതൽ പൂർണമായും തുറക്കാം.

സ്കോട്ട്ലൻഡിലും ഇളവുകൾ

സ്കോട്ട്ലൻഡിലും വീടിനു പുറത്ത് ആളുകൾക്ക് ഒത്തു കൂടാനുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. കോവിഡ് കേസുകളുടെ തുടർച്ചയായ ഇടിവ് “ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം“ നൽകുന്നുവെന്ന് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ സ്കോട്ടിഷ് പാർലമെന്റിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. മഹാമാരിയുടെ തുടക്കത്തിൽ സ്വീകരിച്ച സമീപനത്തിൽ നിന്ന് മാറി ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ വിവിധ തരത്തിലാണ് ലോക്ക്ഡൗൺ, അൺലോക്ക് ഇളവുകൾ എന്നിവ നടപ്പാക്കുന്നത്.

സ്‌കോട്ട്‌ലൻഡിൽ രണ്ട് വീടുകളിൽ നിന്നുള്ള നാല് മുതിർന്നവർക്ക് സാമൂഹികവും വിനോദപരവുമായ ആവശ്യങ്ങൾക്കായി സ്വകാര്യ ഗാർഡനുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്നു മുതൽ ഒത്തുകൂടാം. അത്യാവശ്യ വ്യായാമത്തിനായി മുമ്പ് രണ്ട് വീടുകളിൽ നിന്നുള്ള രണ്ട് മുതിർന്നവർക്ക് മാത്രമായിരുന്നു ഇങ്ങനെ കാണാനുള്ള അനുമതി.

ചെറുപ്പക്കാർക്കുള്ള നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. 12 നും 17 നും ഇടയിലുള്ള വ്യത്യസ്ത വീടുകളിൽ നിന്നുള്ള നാല് പേർക്ക് ഇനി ഒത്തുകൂടാം. മുതിർന്നവർക്ക് പരമവധി 15 ഗ്രൂപ്പുകളായി ഔട്ട്‌ഡോർ, നോൺ-കോൺടാക്റ്റ് സ്‌പോർട്‌സ് ഇനങ്ങളും പുനരാരംഭിക്കാൻ കഴിയുമെന്നും നിക്കോള സ്റ്റർജിയൻ പാർലമെൻ്റിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.