
സ്വന്തം ലേഖകൻ: വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടി. തിങ്കളാഴ്ച മുതൽ ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത് പരിഗണിച്ചാണ് നിയന്ത്രണങ്ങൾ നീട്ടിയത്. മൂന്ന് മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ അടുത്ത ആഴ്ച മുതൽ വെയിൽസിലെ ക്ലാസ് മുറികളിൽ തിരിച്ചെത്തും. കോളേജുകളിലാകട്ടെ ചില തൊഴിലധിഷ്ഠിത കോഴ്സുകളിമെ വിദ്യാർത്ഥികളും തിങ്കളാഴ്ച ക്ലാസുകളിലെത്തും.
പ്രായം കുറഞ്ഞ കുട്ടികൾ പൊതുവെ കൊവിഡ് പകർത്താനുള്ള സാധ്യത കുറവാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഈ വിഭാഗക്കാർക്ക് വിദൂര പഠനം ഉദ്ദേശിച്ച ഫലം ചെയ്യാത്തത് പഠനത്തിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതേസമയം അപ്രന്റീസ് വിദ്യാർത്ഥികൾക്കാകട്ടെ പ്രായോഗിക പരീക്ഷകൾക്കായി തയ്യാറാകേണ്ടതുമുണ്ട്.
ഈ സാഹചര്യത്തിൽ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് വെൽഷ് പ്രഥമ മന്ത്രി മാർക്ക് ഡ്രേക്ക്ഫോർഡ് ഇന്ന് പ്രഖ്യാപിക്കും. കുട്ടികളെ ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരാൻ അനുവദിക്കുന്നതിനായി സ്റ്റേ-അറ്റ്-ഹോം നിയമങ്ങൾ പഴയതു പോലെ തന്നെ തുടരും.
സെപ്റ്റംബർ മുതൽ വെയിൽസിലെ കൊറോണ വ്യാപന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. ഏഴ് ദിവസത്തെ ശരാശരി ഒരു ലക്ഷത്തിന് 84 എന്ന നിലയിലെത്തി. മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ ലഭിക്കുകയും ചെയ്തു. മൂന്നാഴ്ചത്തെ സമയപരിധി കഴിയുന്നതിന് മുമ്പായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് റീട്ടെയിൽ, ക്ലോസ്-കോൺടാക്റ്റ് സേവനങ്ങൾ വീണ്ടും തുറക്കുന്നതും പരിഗണിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ വടക്കൻ അയർലണ്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏപ്രിൽ 1 വരെ നീട്ടുമെന്ന് സ്റ്റോൺമോണ്ട് എക്സിക്യൂട്ടീവ് തീരുമാനം. മുഴുവൻ എക്സിക്യു്ട്ടീവ് അംഗങ്ങളും അംഗീകരിച്ചതോടെയാണ് ലോക്ക്ഡൗൺ നീട്ടുന്നതിന് ധാരണയായത്. പ്രൈമറി ഒന്നാം ക്‌ളാസ് മുതൽ 3 വരെയുള്ള കുട്ടികൾ (നാല് മുതൽ ഏഴ് വയസ്സ് വരെ) മാർച്ച് 8 സ്‌കൂളിലേക്ക് മടങ്ങിയെത്തും. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഡിസംബർ 26 നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
മാർച്ച് 17 ന് സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ച് കേസുകൾ വർദ്ധിക്കുന്നത് ഒഴിവാക്കാൻ സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർഥിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച ഒരു അവലോകനം മാർച്ച് 18 ന് നടക്കുമെന്ന് ഫസ്റ്റ് മിനിസ്റ്റർ ആർലിൻ ഫോസ്റ്റർ പറഞ്ഞു. മാർച്ച് ഒന്നിന് എക്സിക്യൂട്ടീവ് ചേർന്ന് വടക്കൻ അയർലൻഡിനായി “പാത്ത്-ടു-റിക്കവറി ബ്ലൂ പ്രിന്റ്“ പ്രഖ്യാപിക്കും.
ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനുള്ള റോഡ്മാപ്പ് തിങ്കളാഴ്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കൊറോണ വൈറസ് വ്യാപനത്തിൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്യും. കൊറോണ വൈറസിന്റെ മാരക വ്യാപന ശേഷിയുള്ള കെന്റ് വകഭേദത്തെക്കുറിച്ച് ആശങ്ക പടരുന്ന സാഹചര്യത്തിലാണ് തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല