1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2024

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും 250 നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യുവാനുള്ള നീക്കം ജീവനക്കാരുടെ ക്ഷാമം പരിഹരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും അതേസമയം റിക്രൂട്ട്മെന്റ് ചെലവ് കുറക്കുന്നതിനും വെല്‍ഷ് ആരോഗ്യകാര്യ മന്ത്രി എല്യുണ്‍ദ് മോര്‍ഗന്‍ കേരള സര്‍ക്കാരുമായി ഒരു കരാറില്‍ ഒപ്പു വച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ സി എന്നിന്റെ പ്രസ്താവന വരുന്നത്.

എന്‍ എച്ച് എസ്സ് കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞവര്‍ഷം 4,300 ഒഴിവുകള്‍ ഉണ്ടായിരുന്നു എന്നാണ്. അതില്‍ 2300 എണ്ണം, നഴ്സിംഗ്, മിഡ്വൈഫറി, ഹെല്‍ത്ത് വിസിറ്റിംഗ് മേഖലയിലായിരുന്നു. എന്നാല്‍, റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ഇപ്പോള്‍ പറയുന്നത് 3000 നഴ്സുമാരാണ് ഇപ്പോള്‍ ആവശ്യമെന്നാണ്. പുതിയ കരാറു പ്രകാരം ഇവിടെ എത്തുന്നവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതിനൊപ്പം അത് ഒരു പരിഹാരമല്ല എന്ന് അറിയിക്കുകയും ചെയ്യും എന്നാണ് വെയ്ല്‍സിലെ ആര്‍ സി എന്‍ ഡയറക്ടര്‍ ഹെലെന്‍ വൈലി ബി ബി സി റേഡിയോ വെയ്ല്‍സില്‍ പറഞ്ഞത്.

മൂവായിരത്തോളം റെജിസ്ട്രേഡ് നഴ്സുമാരുടെ ഒഴിവുകള്‍ ആണുള്ളത്. അപ്പോള്‍, 250 പേരെ നിയമിക്കുന്നത് ഒരു പരിഹാരമാകില്ല എന്ന് അവര്‍ പറയുന്നു. അതുപോലെ അണ്ടര്‍ഗ്രാഡ്വേറ്റ് എഡ്യൂക്കെഷന്‍ പ്രോഗ്രാമില്‍ പുതിയ നിക്ഷേപത്തിന് ഒരുങ്ങുന്നത്സ്വാഗതാര്‍ഹം തന്നെയാണ് എന്നാല്‍ അത് ഹെല്‍ത്ത് ബോര്‍ഡുകള്‍ ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് വരുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരെ ദീര്‍ഘനാള്‍ കൂടെ പിടിച്ചു നിര്‍ത്തുക എന്നതും ഇന്ന് വെയ്ല്‍സില്‍ ഒരു വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.

ഒരു വ്യക്തിക്ക് പരിശീലനം നല്‍കുമ്പോള്‍, ആ വ്യക്തിയെ ഏറെനാള്‍ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ മനസ്സുള്ളതാക്കണം. എന്നാല്‍, വെയ്ല്‍സില്‍ നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ലെന്നാണ് തങ്ങളുടെ അംഗങ്ങള്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു. മറ്റ് മേഖലകളിലെല്ലാം, വെയ്ല്‍സ് പ്രിയപ്പെട്ട തൊഴിലിടമാകുന്ന സാഹചര്യത്തില്‍ ഇത് തീര്‍ത്തും ലജ്ജാകരമായ ഒന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഹെല്‍ത്ത് ബോര്‍ഡുകള്‍ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. അടുത്തിടെ സ്വാന്‍സീ ഹെല്‍ത്ത് ബോര്‍ഡ് കേരളത്തില്‍ നിന്നും 900 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. പുതിയ കരാര്‍ ഒപ്പിട്ട ശേഷം കേരളത്തില്‍ നിന്നും ആരോഗ്യ മന്ത്രി മോര്‍ഗന്‍ ബി ബി സിയോട് പറഞ്ഞത് ഈ കരാര്‍ വഴി റിക്രൂട്ട്മെന്റ് ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും എന്നാണ്.

റിക്രൂട്ട്മെന്റ് ഏജന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ട്, കേരള സര്‍ക്കാരുമായി നേരിട്ടുള്ള ഇടപാടാണ് ഇതെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, റിക്രൂട്ട് ചെയ്യുന്നവരെ കൂടുതല്‍ കാലം ഈ മേഖലയില്‍ പിടിച്ചു നിര്‍ത്താന്‍ ഉതകുന്ന കാര്യങ്ങള്‍ ചെയ്യണം എന്നാണ് ആര്‍ സി എന്‍ മേധാവി ആവശ്യപ്പെടുന്നത്. മികച്ച ശമ്പളം ഉള്‍പ്പടെ, ഈ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ ആകര്‍ഷണീയമാക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.