1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2019

സ്വന്തം ലേഖകന്‍: റഫാല്‍ ചര്‍ച്ചയായില്ല, രാഹുല്‍ പറയുന്നത് നുണയെന്ന് പരീക്കര്‍; കൂടിക്കാഴ്ചയിലെ മറ്റ് വിവരങ്ങള്‍ പരസ്യമാക്കിയെന്നും വിമര്‍ശനം; പരീക്കറുടെ വാക്കുകള്‍ക്കു പിന്നില്‍ മോദിയുടെ സമ്മര്‍ദ്ദമാണെന്ന് തിരിച്ചടിച്ച് രാഹുല്‍; രാഹുല്‍, പരീക്കര്‍ കൂടിക്കാഴ്ച വിവാദക്കൊടുങ്കാറ്റില്‍! പുതിയ റഫാല്‍ യുദ്ധവിമാന കരാറുമായി തനിക്കു ബന്ധമില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതായി അവകാശപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പരീക്കര്‍ രംഗത്ത്. രാഹുല്‍ കള്ളം പറയുകയാണെന്നും സ്വകാര്യ സംഭാഷണത്തിനിടെ റഫാല്‍ വിഷയം ചര്‍ച്ചയായില്ലെന്നും പരീക്കര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുലിന് പരീക്കര്‍ കത്തയച്ചു.

‘ആരോഗ്യപരമായ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് താങ്കളെ സ്വീകരിച്ചത്. ശേഷം മാധ്യമ വാര്‍ത്തകള്‍ കണ്ടപ്പോഴാണ് സന്ദര്‍ശനത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന് മനസിലായത്. അഞ്ചു മിനിറ്റാണ് താങ്കള്‍ എനിക്കൊപ്പം ചെലവഴിച്ചത്. അതിനിടെ റഫാല്‍ ചര്‍ച്ചയായില്ല,’ പരീക്കര്‍ പറഞ്ഞു. തന്നെ സന്ദര്‍ശിച്ചതിന് ശേഷം അത്രത്തോളം തരംതാണ രീതിയില്‍ പ്രസ്താവന നടത്തിയതിനാല്‍, രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശത്തെ സംശയിക്കുന്നതായും ജീവന്‍ തന്നെ അപകടത്തിലാക്കുന്ന രോഗത്തോടെ കഴിയുന്ന ഒരാളോട് ഇത്തരത്തിലുള്ള രാഷ്ട്രീയതന്ത്രം പ്രയോഗിക്കരുതെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ റഫാല്‍ യുദ്ധവിമാന കരാറുമായി തനിക്കു ബന്ധമില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അനില്‍ അംബാനിക്കു മാത്രം നേട്ടമുണ്ടാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണം ചെയ്ത പുതിയ റഫാല്‍ കരാറുമായി യാതൊരു ബന്ധവുമില്ലെന്ന് മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

റഫാല്‍ ഇടപാടിന്റെ രേഖകള്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരിന്റെ പക്കലുണ്ടെന്ന ഗോവന്‍ മന്ത്രി വിശ്വജിത് റാണയുടെ വെളിപ്പെടുത്തല്‍ ശരിയെന്നും രാഹുല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. വെളിപ്പെടുത്തല്‍ ടേപ്പ് പുറത്തുവന്ന് ഒരുമാസമായിട്ടും ഇതുവരെയും അന്വേഷണം നടത്തിയില്ല. മന്ത്രിക്കെതിരെ നടപടി എടുത്തില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

താനുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന പരീക്കറുടെ ആരോപണം തള്ളിയ രാഹുല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്നുള്ള കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് പരീക്കര്‍ക്ക് ഇങ്ങനെ ഒരു കത്തെഴുതേണ്ടി വന്നതെന്നും കുറ്റപ്പെടുത്തി. പരീക്കര്‍ക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.

തനിക്ക് ലഭിക്കുന്നതിനു മുന്പുതന്ന കത്ത് മാധ്യമങ്ങളിലൂടെ ചോര്‍ത്തി നല്‍കിയതിനാല്‍ കത്ത് നേരില്‍ വായിക്കാന്‍ അവസരമുണ്ടായില്ല എന്ന പരിഹാസത്തോടെയാണ് രാഹുലിന്റെ മറുപടി ആരംഭിക്കുന്നത്. പരീക്കറുമായുള്ള തന്റെ കൂടിക്കാഴ്ച തികച്ചു സ്വകാര്യമായിരുന്നെന്നും പരീക്കറിന്റെ ആരോഗ്യനില പരിഗണിച്ചാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും പറഞ്ഞ രാഹുല്‍, പരീക്കര്‍ യുഎസില്‍ ചികിത്സയിലായിരുന്ന സമയത്ത് താന്‍ ഫോണ്‍ ചെയ്തിരുന്നതു ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.