
സ്വന്തം ലേഖകൻ: യുകെയിലെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇനി മുതൽ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കും. വെള്ളപ്പൊക്കം, കാട്ടുതീ പോലുള്ള അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സർക്കാരിനെയും അത്യാഹിത വിഭാഗങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാവുക. ഏപ്രിൽ 23 ഞായറാഴ്ച വൈകുന്നേരത്തോടെയായിരിക്കും പരീക്ഷണം നടക്കുക. യുഎസ്, കാനഡ, ജപ്പാൻ, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന സമാന പദ്ധതികളുടെ മാതൃകയിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. പദ്ധതി തീർത്തും സൗജന്യമായിരിക്കും.
രീക്ഷണ സമയം ആളുകളുടെ മൊബൈൽ ഫോണുകളുടെ ഹോം സ്‌ക്രീനുകളിൽ ഒരു സന്ദേശം ദൃശ്യമാകും. ഫോണുകൾ സൈലന്റിൽ ആണെങ്കിലും വൈബ്രേഷനും ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദവും ഏകദേശം 10 സെക്കൻഡ് വരെ ബെല്ലും ഉണ്ടാകും. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഗവൺമെന്റിൽ നിന്നോ എമർജൻസി സർവീസുകളിൽ നിന്നോ മാത്രമേ വരൂ. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ സംഭവങ്ങൾക്കായിരിക്കും മുന്നറിയിപ്പ് സന്ദേശങ്ങളായി നൽകുക. മുന്നറിയിപ്പ് ലഭിക്കുന്ന പ്രദേശത്തുള്ള 90% മൊബൈൽ ഫോൺ ഉടമകൾക്കും സന്ദേശം ലഭിക്കുന്ന രീതിയിൽ ആണ് മുന്നറിയിപ്പ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
പദ്ധതി തികച്ചും സുരക്ഷിതമാണെന്നും ഒരു വ്യക്തിയുടെ ടെലിഫോൺ നമ്പർ, ഐഡന്റിറ്റി അല്ലെങ്കിൽ ലൊക്കേഷൻ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും ക്യാബിനറ്റ് ഓഫീസ് പറഞ്ഞു. ഇതിനായി സെൽ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സന്ദേശങ്ങൾ ഒരാളുടെ നിലവിലെ ലൊക്കേഷനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഒരു അലേർട്ട് പ്രവർത്തനക്ഷമമാകുമ്പോൾ, ബാധിത പ്രദേശത്തെ എല്ലാ സെൽ ടവറുകളും അതു പ്രക്ഷേപണം ചെയ്യും. അതിനാൽ തന്നെ അലർട്ടുകൾ ലഭിക്കുന്നതിന് ലൊക്കേഷൻ സേവനങ്ങൾ ഓണാക്കേണ്ടതില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല