സ്വന്തം ലേഖകൻ: യനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ കാറിൽ നിന്ന് ഇറങ്ങി നടന്നുപോകാന്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42 കാരനായ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്.
മതില് പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിൽ എത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ വനം വകുപ്പ് പരാജയപ്പെട്ടുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അന്തരീക്ഷം ശാന്തമാക്കാന്‍ കലക്ടറുടെയും എസ് പിയുടടെയും എംഎല്‍എ ഒ ആര് കേളുവിന്റെയും നേതൃത്വത്തില്‍ ജനങ്ങളോട് ചര്‍ച്ച നടത്തിയിരുന്നു.
രാവിലെ ഏഴോടെയായിരുന്നു മാനന്തവാടി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയപ്പോഴായിരുന്നു അജിയെ കാട്ടാന ആക്രമിച്ചത്. ആന പിന്തുടര്‍ന്നതോടെ സമീപത്തെ പുരയിടത്തിലേക്ക് മതില് ചാടി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൊളിച്ചുകയറി ആന അക്രമിക്കുകയായിരുന്നു.
മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി പ്രതികരിച്ചു. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചിരുന്നു. ആശയ വിനിമയത്തില്‍ വന്ന തകരാര്‍ ആനയുടെ നീക്കം മനസിലാക്കുന്നതില്‍ പ്രശ്നം ഉണ്ടാക്കി. ആനയെ വെടിവെയ്ക്കുന്നതിനുള്ള ഡ്രാഫ്റ്റ് തയ്യാറായതായി കോടതിയെ അറിയിക്കും.
അടിയന്തിരമായി മയക്കുവെടി വെക്കുകയാണ് പരിഹാരം ഒന്നര മണിക്കൂർ കൊണ്ട് മയക്കു വെടി വെക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയും. കോടതിയിൽ നിന്നുള്ള സാഹചര്യം മനസിലാക്കി ഉത്തരവ് ഇറക്കുമെന്നും മന്ത്രി പ്രതികരിച്ചു. വന്യമൃഗങ്ങളെ നീരീക്ഷിക്കാൻ കേന്ദീകൃത സംവിധാനം ഇല്ല ഇതിന് പ്രോട്ടോക്കോൾ കൊണ്ട് വരും. ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരെയും വിമർശിക്കാനോ കുറ്റപെടുത്തനോ ഇല്ല.
പ്രതിഷേധം ന്യയമാണ്. ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുപക്ഷെ തുടർ നടപടികൾ സ്വീകരിക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കി നൽകണം. മുത്തങ്ങയിലെ കുങ്കി ആനകളെ എത്തിക്കാൻ ശ്രമം തുടങ്ങി. ആവശ്യം എങ്കിൽ കൂടുതൽ കുങ്കി ആനകളെ തരാം എന്ന് കർണാടക ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല