സ്വന്തം ലേഖകന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ വെയ്ന്‍ റോണി പോലീസ് പിടിയില്‍. മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിനാണ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണിയെ ചെഷയര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിംസ്ലോയിലെ ആള്‍ട്രിച്ചാം റോഡില്‍ റൂണി ഓടിച്ചിരുന്ന ഫോക്‌സ്വാഗണ്‍ ബീറ്റില്‍ കാര്‍ തടഞ്ഞുനിര്‍ത്തി താരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റൂണിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ചെഷയര്‍ പേലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലെത്തിച്ച മുന്‍ ഇംഗ്ലീഷ് ടീം നായകനെ ഈ മാസം ഒടുവില്‍ കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദേശത്തില്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ മാസമാണ് റൂണി ഇംഗ്ലണ്ട് ദേശീയ ടീമില്‍നിന്നു വിരമിച്ചത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ സ്‌കോററാണ് റൂണി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 13 വര്‍ഷമായി കളിച്ചിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉപേക്ഷിച്ച് റൂണി, തന്റെ ആദ്യകാല ക്ലബ്ബുകളിലൊന്നായ എവര്‍ട്ടണിലേക്ക് അടുത്തിടെ ചേക്കേറിയിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ റൂണിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിസമ്മതിച്ചു. എവര്‍ട്ടണ്‍ ക്ലബ് അധികൃതരും സംഭവുമായി ബന്ധപ്പെട്ട പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല