1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2020

സ്വന്തം ലേഖകൻ: വാട്‌സാപ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ആര്‍ബിഐയുടെ അനുമതി മാത്രമെ ഇനി ലഭിക്കാനുള്ളു. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സാപ്പിലൂടെ പണമടയ്ക്കാന്‍ അനുവദിക്കുന്ന ഈ സംവിധാനം ചുരുങ്ങിയ കാലത്തിനുള്ളില്‍ പല മാറ്റങ്ങളും കൊണ്ടുവന്നേക്കും. ഈ ആപ് ഉപയോഗിച്ച് ജിയോയും, വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ഇരു കമ്പനികളും തമ്മില്‍ ഇന്ത്യയില്‍ വാട്‌സാപ്പിനെ ചൈനയിലെ വിചാറ്റ് തുടങ്ങിയ ആപ്പുകളെപ്പോലെയാക്കിയെടുക്കുകയോ, വിചാറ്റിനു സമാനമായ പുതിയൊരുരു ആപ് തുടങ്ങുകയോ ചെയ്യുമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. ചൈനക്കാര്‍ക്ക് സന്ദേശ കൈമാറ്റം മുതല്‍ പണമടയ്ക്കലും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങലും മുതല്‍ നിരവധി കാര്യങ്ങള്‍ ഒരേ സമയത്ത് നിര്‍വ്വഹിക്കാവുന്ന ഒരാപ്പാണ് വീചാറ്റ്. ചൈനക്കാര്‍ക്ക് വീചാറ്റില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലെന്നു വേണമെങ്കില്‍ തമാശായി പറയാം. അത്തരം ഒരു ആപ്പാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഫെയ്‌സ്ബുക് ജിയോയുടെ പത്തു ശതമാനത്തോളം ഓഹരി സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്ന ഈ വേളയില്‍, ഇന്ത്യയില്‍ 40 കോടിയിലേറെ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന വാട്‌സാപ്പിന് പുതിയ കരുത്തുകള്‍ നല്‍കി നിലനിര്‍ത്താനായിരിക്കും ഇരു കമ്പനികളുടെയും ആദ്യ ശ്രമം.

നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, രാജ്യത്ത് പണമടയ്ക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ വാട്‌സാപ്പിന് അനുമതി നല്‍കിയിരിക്കുകയാണ്. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐയിലൂടെയാണ് വാട്‌സാപ് പേ പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഏകദേശം 2 കോടി ആള്‍ക്കാര്‍ക്കായിരിക്കും വാട്‌സാപ് പേ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. ഘട്ടംഘട്ടമായി ഫീച്ചര്‍ തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനിക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയവയ്‌ക്കൊപ്പമായിരിക്കും ഇനി വാട്‌സാപ് പേയുടെ സ്ഥാനം.

രാജ്യത്തെ പണമിടപാടുകളില്‍ 30 ശതമാനം വരെ നടത്താനാണ് യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കു നല്‍കിയിരിക്കുന്ന അനുമതി. എന്നാല്‍, അന്തിമാനുമതി നല്‍കേണ്ടത് ആര്‍ബിഐ ആണ്. ഇതു താമസിയാതെ ലഭിച്ചേക്കുമെന്നു തന്നെയാണ് കരുതുന്നത്. വാട്‌സാപ്പിന്റെ പെയ്‌മെന്റ് സിസ്റ്റം 2018 ഫെബ്രുവരിയില്‍ തുടങ്ങിയതാണ്. ഇതിനെ പൈലറ്റ് ഘട്ടം എന്നാണ് വിളിച്ചിരുന്നത്. 10 ലക്ഷം ഉപയോക്താക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് സേവനം നല്‍കാനായിരുന്നു അനുമതി.

എന്നാല്‍, അവര്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റാ സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഉത്കണ്ഠയുണ്ടായിരുന്നു. ആര്‍ബിഐ ഈ വര്‍ഷം ജൂണില്‍ വാട്‌സാപ് പേ നിലില്‍ വരുന്നതിന് എതിര്‍പ്പില്ലെന്ന് അറിയിച്ചിരുന്നു. രാജ്യത്ത് അത്രമേല്‍ ഉപയോഗിക്കപ്പെടുന്ന വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നത് അവരുടെ എതിരാളികള്‍ക്ക് ഉത്കണ്ഠയോടു കൂടി മാത്രമെ കാണാനാകൂ. ഇതിനൊപ്പം ജിയോയുമായി ചേര്‍ന്നുള്ള പ്ലാനുകള്‍ കൂടെ പുറത്തുവിടുമ്പോള്‍ ആപ്പിന് ഇനി അമിത പ്രാധാന്യം കൈവന്നേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.