
സ്വന്തം ലേഖകൻ: വാക്സിനേഷന്‍ നടത്തിയവര്‍ക്ക് മാത്രമേ രാജ്യാന്തര യാത്രകള്‍ നടത്താനാകൂവെന്ന നടപടി സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്ന് ലോകാരോഗ്യ സംഘടന. പല ദരിദ്ര-ഇടത്തരം രാഷ്ട്രങ്ങളിലും വാക്സിന്‍ എത്തിയിട്ടില്ലെന്നും അതിനാല്‍ വാക്സിനേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് യാത്രരേഖയായി സ്വീകരിക്കുന്നത് അസമത്വം സൃഷ്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം മേധാവി മൈക്കിള്‍ റയാന്‍ പറഞ്ഞു.
വിദേശികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ‘വാക്സിന്‍ പാസ്പോര്‍ട്ട്’ നിര്‍ബന്ധമാക്കുമെന്നത് പരിഗണിക്കുന്നുവെന്ന് ചില രാജ്യങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന നിലപാട് വ്യക്തമാക്കിയത്.
“ലോകവ്യാപകമായി വാക്സിനേഷന്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ സമത്വത്തോടെയല്ല വാക്സിനേഷന്‍ നടക്കുന്നതും,“ മൈക്കിള്‍ റയാന്‍ പറഞ്ഞു.
വാക്സിനേഷന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുമ്പോള്‍ ധാര്‍മിക പരിഗണനയും പ്രായോഗികതയും കൂടി കണക്കിലെടുക്കണമെന്നും മൈക്കിള്‍ റയാന്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് മഹാമാരിക്കുള്ള വാക്സിനേഷന്‍ പാസ്പോര്‍ട്ട് നടപ്പാക്കാനുള്ള ഉചിതമായ സമയമല്ല ഇതെന്നും മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപരവും മറ്റുമുള്ള കാരണങ്ങള്‍ക്കൊണ്ട് കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവരോടുള്ള വിവേചനമാകും വാക്സിനേഷന്‍ പാസ്പോര്‍ട്ട് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സംവിധാനത്തിലും മറ്റു സാമൂഹ്യ വ്യവസ്ഥകളിലും നിലനില്‍ക്കുന്ന അസമത്വത്തെ കൂടുതല്‍ വളര്‍ത്താനാകും ഈ നടപടി സഹായിക്കുകയെന്നും മൈക്കിള്‍ റയാന്‍ അഭിപ്രായപ്പെട്ടു.
നേരത്തെയും കോവിഡ് വാക്സിന്‍ വിതരണത്തിലെ അസമത്വവും അപാകതകളും ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. കൊവിഡിന് മുന്‍പേ തന്നെ നിരവധി രാജ്യങ്ങള്‍ മറ്റു പല രോഗങ്ങള്‍ക്കുമുള്ള വാക്സിനേഷന്‍ തെളിവ് വിദേശികള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യു.എസിലേക്കോ ഇന്ത്യയിലേക്കോ വരുന്നവര്‍ മഞ്ഞപ്പനിക്കുള്ള വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തെളിവ് സമര്‍പ്പിക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല