1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2018

സ്വന്തം ലേഖകന്‍: തേനിയില്‍ കാട്ടുതീയില്‍ കുടുങ്ങിയ 8 മരിച്ചു; 15 പേര്‍ക്ക് ഗുരുതര പരുക്ക്; കാട്ടില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം. ദേവികുളം ടോപ്‌സ്റ്റേഷന്റെ മറുഭാഗത്തായി കൊളുക്കുമലയില്‍നിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്ക്’ട്രക്കിങ്ങിനുപോയ 36 അംഗസംഘം കാട്ടുതീയില്‍ കുടുങ്ങി. 8 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പത്തുപേര്‍ക്ക് സാരമായ പരിക്കുണ്ട്. ഏഴുപേര്‍ വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം.

ഞായറാഴ്ച രാത്രിവൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍, അഗ്‌നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍നിന്നെത്തിയ 24 പേരും തിരുപ്പൂര്‍, ഈറോഡ് ഭാഗങ്ങളില്‍നിന്നെത്തിയ 12 അംഗ സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. 25 യുവതികളും മൂന്നു കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.

ശനിയാഴ്ചയാണ് ഇവര്‍ ട്രെക്കിങ്ങിനെത്തിയത്. ഞായറാഴ്ച ഉച്ചയോടെ രണ്ടു വാഹനങ്ങളില്‍ ഇവര്‍ കൊളുക്കുമലയിലെത്തി. വിദ്യാര്‍ഥികള്‍, ഐ.ടി. പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് സംഘം. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ കുരങ്ങിണി മലയുടെ താഴ്‌വാരത്തിലേക്ക് പോയത്. അഞ്ചുമണിയോടെ ആദ്യ സംഘം കുറങ്ങണിയിലെത്തി. അടുത്ത സംഘം എത്തിയപ്പോഴേക്കും കാട്ടുതീ പടര്‍ന്നു. നിമിഷനേരംകൊണ്ട് തീ വ്യാപിച്ചു. ഇതോടെ രക്ഷപ്പെടാന്‍ എല്ലാവരും ചിതറിയോടി. കടുത്ത ഉണക്കില്‍ കരിഞ്ഞുനിന്ന പുല്ലും മരങ്ങളും വേഗത്തില്‍ കത്തിയതോടെ മിക്കവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഈ സമയത്തുണ്ടായിരുന്ന കാറ്റ് തീ വേഗം പടരാന്‍ കാരണമായി.

ഇതിനിടെ സംഘത്തിലെ ഒരാള്‍ വീട്ടില്‍ വിളിച്ച് അപകടവിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. സമീപത്തെ തേയിലത്തോട്ടത്തില്‍നിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏഴുമണിയോടെ 15 പേരെ ബോഡിനായ്ക്കന്നൂര്‍ താലൂക്ക് ആസ്പത്രിയിലെത്തിച്ചു. ആദ്യ സംഘത്തില്‍പ്പെട്ട അംഗങ്ങളാണിവരെന്നാണ് വിവരം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.