
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഏറ്റുമധികം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് എത്തിയിരിക്കുന്ന ഒഎസ് എന്നും, ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള അപ്‌ഡേറ്റുകളിലൊന്ന് എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒഎസിന് പേരിട്ടിരിക്കുന്നത് വിന്‍ഡോസ് 11 എന്നാണ്.
സ്മാര്‍ട് ഫോണ്‍ യുഗം കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും, ആപ്പിളിന്റെ മാക് ഒഎസില്‍ നിന്ന് ആവേശം ഉൾക്കൊണ്ടുമാണ് പുതിയ ഒഎസ് നിര്‍മിച്ചിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. താമസിയാതെ നിങ്ങളുടെ പിസികളിലേക്കും ലാപ്‌ടോപ്പുകളിലേക്കും ടാബുകളിലേക്കും എത്തുന്ന വിന്‍ഡോസ് 11ന്റെ 11 സവിശേഷതകള്‍ പരിശോധിക്കാം:
പുതിയ ‘സ്റ്റാര്‍ട് മെന്യൂ’ ആണ് പ്രധാന മാറ്റങ്ങളിലൊന്ന്. ‘സ്റ്റാര്‍ട് ബട്ടണും’ പുതുക്കിയിട്ടുണ്ട്. ഇതു രണ്ടും ടാസ്‌ക്ബാറിന്റെ നടുവിലേക്കു മാറ്റിയിട്ടുണ്ട്. ‘ലൈവ് ടൈല്‍സ്’ ആണ് മറ്റൊരു സുപ്രധാന ഫീച്ചര്‍. നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്പിലേക്ക് അതിവേഗം തിരിച്ചെത്താന്‍ സഹായിക്കുന്നതാണിത്. ഇങ്ങനെ ഒന്ന് വിന്‍ഡോസ് 8ല്‍ അവതരിപ്പിച്ചെങ്കിലും വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
ക്രോം ഒഎസിലും, ആന്‍ഡ്രോയിഡിലുമുള്ള ലോഞ്ചറിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണിതെന്നു വേണമെങ്കില്‍ പറയാമെങ്കിലും മാക് ഒഎസിന്റെ രൂപവും ഇവിടെ കാണാവുന്നതാണ്. വൃത്താകൃതിയ്ക്കാണ് ഡിസൈനിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. വിന്‍ഡോസ് 11ലെ ലൈറ്റ് മോഡും, ഡാര്‍ക് മോഡും കണ്ണുകള്‍ക്ക് നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ സാന്ത്വനം നല്‍കുന്നു. ‘സ്‌നാപ് ലേയൗട്‌സ്’ ആണ് പുതിയ ഫീച്ചറുകളിലൊന്ന്.
പ്രകടനത്തില്‍ മികവു പുലര്‍ത്തുമെന്നും അവകാശവാദമുണ്ട്. വിന്‍ഡോസ് 11ലേക്ക് അയയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ 40 ശതമാനം വരെ സൈസ് കുറഞ്ഞതും, അതേസമയം കാര്യപ്രാപ്തിയുള്ളതുമായിരിക്കും. അപ്‌ഡേറ്റുകള്‍ ബാക്ഗ്രൗണ്ടില്‍ നടന്നോളും. ഗെയിമുകൾക്കും മറ്റും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ അനുഭൂതിയേകാൻ ഓട്ടോ എച്ച്ഡിആറും ഉൾപ്പെടുത്തിയിരിക്കുന്നു.
വിഡിയോ കോളിങ് ആപ്പായ മൈക്രോസോഫ്റ്റ് ടീംസിനെ വിന്‍ഡോസിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള ശ്രമവും പ്രകടമാണ്. ബിസിനസ് ആവശ്യക്കാര്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ രീതിയിലാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. ടാസ്‌ക്ബാറില്‍ തന്നെ ടീംസും ഉണ്ടായിരിക്കും.
വോയിസ് ടൈപ്പിങ് ആണ് മറ്റൊരു സവിശേഷത. ടൈപ്പിങ് വൈമുഖ്യമുള്ളവര്‍ക്ക് ശബ്ദത്തിലൂടെ പലതും ലാപ്‌ടോപ്പില്‍ കുറിച്ചുവയ്ക്കാന്‍ സഹായിക്കുന്ന ഒന്നായിരിക്കുമിത്. കീപാഡില്‍ ജിഫുകളും മറ്റും കസ്റ്റമൈസു ചെയ്യാം. സ്മാര്‍ട് ഫോണ്‍ കീപാഡിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണിത്.
മിക്കവാറും എല്ലാ കംപ്യൂട്ടറുകള്‍ക്കും അപ്‌ഗ്രേഡ് നല്‍കാന്‍ തന്നെയാണ് മൈക്രോസോഫ്റ്റിന്റെ ഉദ്ദേശം. നിങ്ങളുടെ വിന്‍ഡോസ് മെഷീന് കുറഞ്ഞത് 4ജിബി റാമും, 64 ജിബി ആന്തരിക സംഭരണ ശേഷിയും, 64-ബിറ്റ് പ്രോസസറുമുണ്ടെങ്കില്‍ വിന്‍ഡോസ് 11 ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ആദ്യ സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല