സ്വന്തം ലേഖകന്‍: മഞ്ഞുകാലത്തെ രോഗികളുടെ തള്ളിക്കയറ്റം താങ്ങാനാകാതെ വീര്‍പ്പുമുട്ടി എന്‍എച്ച്എസ്, ഓപ്പറേഷനുകള്‍ മാറ്റിവച്ച് ആശുപത്രികള്‍. ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് എട്ടും പത്തും മണിക്കൂറുകള്‍ നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കിടത്തി ചികില്‍സിക്കാന്‍ സംവിധാനങ്ങള്‍ അപര്യാപ്തമായതോടെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകളെല്ലാം ഒരു മാസത്തേക്ക് റദ്ദാക്കിയതായും ഔട്ട് പേഷ്യന്റ് അപ്പോയിന്റുമെന്റുകള്‍ നീട്ടിവച്ചതായും എന്‍എച്ച്എസ് അറിയിച്ചു.
ജീവന്‍ അപകടത്തിലാകുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമാകും കിടത്തി ചികില്‍സ. ജനുവരി 31 വരെയുള്ള ഓപ്പറേഷനുകളാണ് മാറ്റിവച്ചത്. അതുവരെ ജീവന്‍ രക്ഷിക്കാന്‍ അനിവാര്യമായ അടിയന്തര ഓപ്പറേഷനുകളും കാന്‍സര്‍ സര്‍ജറികള്‍ പോലെ ഒഴിച്ചുകൂടാനാകാത്തവയും മാത്രമാകും ചെയ്യുക.
എന്‍.എച്ച്.എസിന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ബജറ്റില്‍ വിന്റര്‍ സപ്പോര്‍ട്ടിനായി 437 മില്യണ്‍ പൗണ്ട് അധികമായും സോഷ്യല്‍ കെയര്‍ ഫണ്ടായി ഒരു ബില്യണ്‍ പൗണ്ടും അനുവദിച്ചിരുന്നു.
എന്നാല്‍ ഇതുകൊണ്ടൊന്നും യാതൊരു മാറ്റവും ഉണ്ടായില്ലെന്ന ആരോപണം ശക്തമാണ്. ഇത്ര മോശമായ അവസ്ഥ ഇതിനു മുമ്പ് കണ്ടിട്ടേയില്ലെന്ന് ട്രസ്റ്റ് മേധാവികളും സാക്ഷ്യപ്പെടുത്തുന്നു. പല ആശുപത്രികളിലും വരാന്തകളില്‍ കിടത്തി രോഗികളെ ശുശ്രൂഷിക്കേണ്ട അവസ്ഥയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല