1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2018

സ്വന്തം ലേഖകന്‍: സെല്‍ഫി ചതിച്ചു! സുഹൃത്തിനെ കൊന്ന കുറ്റത്തിന് രണ്ടു വര്‍ഷത്തിനു ശേഷം കനേഡിയന്‍ യുവതി അറസ്റ്റില്‍. 2015ല്‍ കാനഡയിലെ സാസ്‌കാറ്റൂനില്‍ 18കാരിയായ ബ്രിട്ടനി ഗര്‍ഗോള്‍ കൊല്ലപ്പെട്ട കേസിലാണ് അപ്രതീക്ഷിത വഴിത്തിരിവ്. പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ തുമ്പില്ലാതെ അന്വേഷണം വഴിമുട്ടിയ പൊലീസിന് സഹായമായത് രണ്ടു വര്‍ഷം കഴിഞ്ഞ് സുഹൃത്ത് ചിയെന്നെ റോസ് അന്റോയിന്‍ ഫേസ്ബുക്കിലിട്ട സെല്‍ഫി.

പ്രതികളെക്കുറിച്ച് തെളിവൊന്നുമില്ലാതെ പ്രയാസപ്പെട്ട പൊലീസ് അടുത്തിടെ ഫേസ്ബുക്കിലെത്തിയ ചിത്രം കണ്ടതോടെ പ്രതിയെ ഉറപ്പാക്കുകയായിരുന്നു. പെണ്‍കുട്ടി കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ലഭിച്ച ബെല്‍റ്റ് ചിത്രത്തില്‍ ചിയെന്ന അണിഞ്ഞതായി കണ്ടതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. ഗര്‍ഗോള്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍മുമ്പാണ് ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുത്തത്.

പിന്നീട് ഇരുവരും ചേര്‍ന്ന് മദ്യപിച്ച് വഴക്കായി. അടിപിടിക്കൊടുവില്‍ ചിയെന്നെ ഗര്‍ഗോളിനെ ബെല്‍റ്റ് ഊരി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്ഥലത്തെ മണ്‍കൂനയില്‍നിന്നാണ് കണ്ടെടുത്തത്. എല്ലാം ഒളിച്ചുവെച്ച യുവതി രണ്ടു വര്‍ഷം കഴിഞ്ഞ് വിഷയം മറന്നു പോയെന്ന് കരുതിയാണ് ഫോട്ടോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

ചിത്രം കണ്ട് യുവതിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ച പൊലീസ് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഇവര്‍ ശ്രമം നടത്തിയതായി കണ്ടെത്തി. കൊല നടന്നതിന്റെ പിറ്റേന്ന് വീട്ടില്‍ സുരക്ഷിതമായി എത്തിയില്ലേ എന്നായിരുന്നു സുഹൃത്തിനോട് ചിയെന്നെയുടെ ചോദ്യം. പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞ ഇവര്‍ മദ്യലഹരിയില്‍ ചെയ്തത് ഓര്‍മയില്ലെന്നും പറഞ്ഞു.
പ്രതിക്ക് കോടതി ഏഴു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.