1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2018

സ്വന്തം ലേഖകന്‍: മാപ്പു പറഞ്ഞിട്ടും രക്ഷയില്ല; മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞു അധിക്ഷേപിച്ച സ്ത്രീ അറസ്റ്റില്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച ആറന്മുള ചെറുകോല്‍ സ്വദേശിനി മണിയമ്മ അറസ്റ്റിലായി. എസ്.എന്‍.ഡി.പി. യോഗം ഭാരവാഹിയായ വി.സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ആറന്മുള പൊലീസ് മണിയമ്മയെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്തില്‍ വടക്കേ പേരൂര്‍ വീട്ടില്‍ പരേതനായ ശിവന്‍പിള്ളയുടെ ഭാര്യയാണ് മണിയമ്മ. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ തന്റെ തെറ്റ് ഏറ്റുപറഞ്ഞു ഇവര്‍ മാപ്പപേക്ഷിച്ചിരുന്നു.

ഈഴവ സമുദായത്തിലെ അംഗമായ തനിക്കും സമുദായത്തിനും മാനഹാനിയും മനോവിഷമവും ഉണ്ടാക്കുന്നതാണ് മണിയമ്മയുടെ പരാമര്‍ശമെന്നു സുനില്‍കുമാര്‍ തന്റെ പരാതിയില്‍ പറയുന്നു. ജാതിപ്പേര് പറഞ്ഞു മുഖ്യമന്ത്രിയെ അപമാനിച്ചവര്‍ക്കെതിരെയും മണിയമ്മ തെറി വിളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും സുനില്‍കുമാര്‍ തന്റെ പരാതിയില്‍ ആവശ്യപെട്ടു.

മുഖ്യമന്ത്രിക്കെതിരെയുള്ള മണിയമ്മയുടെ പരാമര്‍ശത്തിനെതിരെ എസ്.എന്‍.ഡി.പി. യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും രംഗത്ത് വന്നിരുന്നു. ഈഴവ ജാതിയിലുള്ള മുഖ്യമന്ത്രി നാട് ഭരിക്കുന്നത് മനസ്സിനു ‘സവര്‍ണ്ണകുഷ്ഠം’ ബാധിച്ചവര്‍ക്ക് സഹിക്കുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ രൂക്ഷവിമര്‍ശനം.

കേരളത്തിലെ സവര്‍ണ്ണസമൂഹം ഇപ്പോഴും ഈഴവരെ അടിയാളരായി ആണ് കാണുന്നതെന്നും ഈഴവരെയും തീയരേയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാന്‍ ഇവര്‍ ഇപ്പോഴും തയാറല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ശബരിമല സ്ത്രീപ്രവേശത്തിനെതിരെയുള്ള ഒരു സമരത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞു ഇവര്‍ തെറി വിളിച്ചത്. തെറിവിളി വീഡിയോയില്‍ പതിയുകയും സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് താന്‍ തെറ്റ് ചെയ്തുവന്നു പറഞ്ഞുകൊണ്ട് ഇവര്‍ വീണ്ടും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.