സ്വന്തം ലേഖകന്‍: ‘ഇത് മതിലല്ല, കോട്ട!’ ചരിത്രമെഴുതി വനിതാ മതില്; 620 കിലോമീറ്റര്‍ ദൂരത്തില്‍ അണിനിരന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍; നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനും സ്ത്രീപുരുഷ സമത്വത്തിനും പ്രതിജ്ഞ; കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി; വനിതാ മതില് പൊളിക്കാന്‍ പുല്ലിന് തീയിടലും കല്ലേറും. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ അണിനിരന്ന് വനിതാമതില്‍. ജാതി മത കക്ഷി വ്യത്യാസമില്ലാതെ വനിതകള്‍ മതിലില്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയര്‍ത്തിയത്. കാസര്‍കോട്ട് മന്ത്രി കെ.കെ.ശൈലജ മതിലിന്റെ ആദ്യത്തെ കണ്ണിയായി. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ട് അവസാനത്തേതും. മതിലിനു മുമ്പ് അയ്യങ്കാളി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുഷ്പാര്‍ച്ചന നടത്തി. വനിതാ മതിലിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്, വി എസ് അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, മന്ത്രി ഇ.പി ജയരാജന് എന്നിവര്‍ അണിനിരന്നു.
കാസര്‍കോഡ് മന്ത്രി കെ.കെ ശൈലജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളും മതിലില്‍ പങ്കെടുത്തു. വിഎസും പിണറായി വിജയനും കുടുംബസമേതമാണ് പരിപാടിയില്‍ പങ്കെടുത്തത്. തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കുള്ള ദിശയില്‍ റോഡിന്റെ ഇടതുവശത്തായിരുന്നു മതില്. 3.30 ന് വനിതകള്‍ അണിനിരന്ന് റിഹേഴ്സല്‍ നടന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ടികളും മതിലില്‍ പങ്കെടുത്തു. മന്ത്രി എ.കെ.ശശീന്ദ്രന്, നടി റിമ കല്ലിങ്കല്‍, സാമൂഹിക പ്രവര്‍ത്തക അജിത തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കെടുത്തു. കെപിഎസി ലളിതയും മതിലിന്റെ ഭാഗമായി.
പ്രധാന കേന്ദ്രങ്ങളിലെ സമാപനസമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് പ്രംസഗിച്ചു. ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കൊല്ലത്ത് ആര്. ബാലകൃഷ്ണപിള്ള, എറണാകുളത്ത് എം.എ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊച്ചി ഇടപ്പള്ളിയിലാണ് വനിതാ മതിലിനായി ആളുകള്‍ എത്തിച്ചേര്‍ന്നത്.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില് വിസ്മയിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കൃത്യം ഒരു മാസം കൊണ്ടാണ് 620 കിലോ മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്മതില് തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തിയത്. ചരിത്ര വിജയമാണിത്. വനിതാമതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിനു പിന്തുണ നല്കിയ സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സത്രീകള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാമതില്‍ മാറി. നവോത്ഥാന മൂല്യങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതികവര്‍ഗീയ ശക്തികള്‍ക്കു വലിയൊരു താക്കീതാണു പരിപാടി.
കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാമതില്‍ മാറി. ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണിത്. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദങ്ങളെയും അവഗണിച്ചു വനിതാമതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ കാസര്‍ഗോഡ് വനിതാമതിലിനിടെ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടില്‍ ഒരുവിഭാഗം ബിജെ.പി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ് കൈയേറി ഉപരോധിക്കുകയായിരുന്നു. മതില് തുടങ്ങുന്നതിന് മുമ്പുതന്നെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. വനിതാ മതിലിനെത്തിയവര്ക്കെതിരെ കല്ലെറിയുകയും തുടര്‍ന്ന് റോഡ് സൈഡിലുള്ള പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള ഭാഗത്താണ് തീയിട്ടത്.
കനത്ത കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. വാഹനങ്ങള്‍ തടയുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി. തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിച്ചതിനു ശേഷവും അക്രമികള്‍ സംഘടിച്ചതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. അഞ്ച് റൗണ്ട് വെടിയാണ് പൊലീസുതിര്ത്തത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഡി.വൈ.എസ്.പി നാല് റൗണ്ടും എസ്.പി ഒരു റൗണ്ടും വെടിയുതിര്‍ത്തു.
വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അംഗടിമുഗറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെയും ആക്രമണമുണ്ടായി. ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. നാലുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല