1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ തെറ്റായ അംബയറിംഗ് ജെയിംസ് ടെയിലര്‍ക്ക് നഷ്ടപ്പെടുത്തിയത് ആദ്യ സെഞ്ച്വറി. അംബയര്‍മാരുടെ തെറ്റായ തീരുമാനമായിരുന്നു ടെയിലര്‍ക്ക് സെഞ്ച്വറി നഷ്ടപ്പെടുത്തിയതെന്ന് ഐസിസി മത്സരശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ക്രിക്കറ്റ് നിയമസംഹിതയുടെ ആര്‍ട്ടിക്കിള്‍ 3.6 എ പ്രകാരം എല്‍ബിഡബ്ല്യുവിലൂടെ ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ ബോള്‍ അസാധുവായി പ്രഖ്യാപിക്കണം. പിന്നീട് റണ്ണോ, ഔട്ടാകലോ സാധ്യമല്ല. ഈ നിയമത്തിന് വിരുദ്ധമായാണ് ശനിയാഴ്ച്ചത്തെ മത്സരത്തില്‍ ജെയിംസ് ടെയിലറെ അംബയര്‍മാര്‍ പുറത്താക്കിയത്. തങ്ങള്‍ക്ക് സംഭവിച്ച പിഴവ് മനസ്സിലാക്കിയ പ്ലെയിംഗ് കണ്‍ട്രോള്‍ ടീം ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റിനെ നിജസ്ഥിതി അറിയിച്ചിട്ടുണ്ട്.

ടെയിലര്‍ 98 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴായിരുന്നു എല്‍ബിഡബ്ലു അപ്പീലില്‍ അംബയര്‍ അലീം ധര്‍ ഔട്ട് വിളിക്കുന്നത്. ജോഷ് ഹാസല്‍വുഡായിരുന്നു ബൗളര്‍. എന്നാല്‍ അത് അംബയറിന്റെ തെറ്റായ തീരുമാനമായിരുന്നുവെന്ന് റിവ്യുവില്‍ തെളിഞ്ഞു. അംബയര്‍ ഔട്ട് വിളിച്ചതിനെ തുടര്‍ന്ന് ടെയിലര്‍ ഓട്ടം പതുക്കെയാക്കി. അപ്പോള്‍ ഗള്ളി പോയിന്റില്‍ നിന്ന് മാക്‌സ്‌വെല്‍ ത്രോ ചെയ്ത് നേരിട്ട് സ്റ്റംപില്‍ കൊള്ളിച്ചു. എല്‍ബിഡബ്യു റിവ്യുവില്‍ ഔട്ടല്ലെന്ന് തെളിഞ്ഞെങ്കിലും പിന്നീട് അംബയര്‍മാര്‍ റണ്ണൗട്ട് നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ നിയമവിരുദ്ധമാണെന്ന് ഐസിസി കണ്ടെത്തിയിരിക്കുന്നത്.

മാക്‌സ്‌വെല്‍ ത്രോ ചെയ്ത് സ്റ്റംപില്‍ കൊള്ളിക്കുന്നതിന് മുന്‍പ് തന്നെ അംപയര്‍ ഔട്ട് വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റണ്ണൗട്ട് റിവ്യുവില്‍ ടെയിലര്‍ക്ക് നോട്ടൗട്ട് നല്‍കുകയായിരുന്നു ചെയ്യേണ്ടത്. എന്നാല്‍ അംബയര്‍മാരുടെ തീരുമാനം മറിച്ചായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 342 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ പെയ്‌സിന് മുന്നില്‍ അടിപതറി. തുടരെ തുടരെ വിക്കറ്റ് നഷ്ടമായെങ്കിലും ജെയിംസ് ടെയിലര്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ തന്ത്രങ്ങളെ അതിജീവിച്ച് ബാറ്റ് വീശി. പിന്നീട് സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ടെയിലറെ തെറ്റായ അംബയറിംഗിലൂടെ പുറത്താക്കി. മത്സരം 112 റണ്‍സിന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ഇംഗ്ലണ്ട് ബൗളര്‍ ഫിഞ്ച് 2015 ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയതും ഫിഞ്ച് ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയതുമാണ് മാച്ച് ഹൈലൈറ്റുകള്‍.

ശനിയാഴ്ച്ച നടന്ന മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ 98 റണ്‍സിന് പരാജയപ്പെടുത്തി. 2015 ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട കിവീസിനെ ശ്രീലങ്കന്‍ നായകന്‍ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 331 റണ്‍്‌സ എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 46.1 ഓവറില്‍ 233 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.