1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

സ്വന്തം ലേഖകൻ: ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരങ്ങൾ വരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നാളെ മുതൽ എല്ലാ വെള്ളിയാഴ്ചയും നമ്പർ പ്ലേറ്റ് മാനേജ്‌മെന്റ് സംവിധാനമാണ് പരീക്ഷിക്കുന്നത്. ഞായറാഴ്ച മുതൽ എ- റിങ് റോഡിൽ ബസുകൾക്കായി മാറ്റിവെച്ച ട്രാക്കിൽ മറ്റുവാഹനങ്ങൾ ഓടിച്ചാൽ പിഴ ചുമത്തും.

നാളെ മുതൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെ ചില വാഹനങ്ങൾക്ക് സെൻട്രൽ ദോഹയിലേക്ക് പ്രവേശനമുണ്ടാകില്ല. പൊതുഗതാഗതാവശ്യങ്ങൾക്കുള്ള കമ്പനി വാഹനങ്ങൾക്കും കറുത്ത നമ്പർ പ്ലേറ്റുള്ള വാണിജ്യ വാഹനങ്ങൾക്കുമാണ് സെൻട്രൽ ദോഹയിലേക്ക് പ്രവേശനവിലക്കുള്ളത്. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റ്, തെക്ക് നിന്നും പടിഞ്ഞാറ് നിന്നും സി- റിങ് റോഡ്, കിഴക്ക് കോർണിഷ് സ്ട്രീറ്റ് എന്നിവയാണ് നിയന്ത്രണ പരിധിയിൽ വരുന്നത്.

ലോകകപ്പിനോട് അനുബന്ധിച്ച് നവംബർ ഒന്നുമുതൽ വാഹന നിയന്ത്രണം എല്ലാദിവസവും ഉണ്ടാകും. ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. ലോകകപ്പ് കാലത്തെ ഗതാഗത നിയന്ത്രണങ്ങളുടെ ട്രയൽ എന്നനിലക്കാണ് ഇപ്പോഴുള്ള പരിഷ്‌കാരങ്ങൾ.

അതേസമയം എ റിങ് റോഡിൽ പൊതുഗതാഗത ബസുകൾക്ക് മാത്രമായി മാറ്റിവെച്ച ട്രാക്കിൽ മറ്റുവാഹനങ്ങൾ ഓടിച്ചാൽ പിഴ ചുമുത്തുമെന്ന് അധികൃതർ അറിയിച്ചു. ടാക്‌സി, അംഗീകൃത വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ബസുകൾക്ക് പുറമെ ഈ ട്രാക്ക് ഉപയോഗിക്കാനാവുക. ലോകകപ്പ് സമയത്ത് ആരാധകരുടെ യാത്രകൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്.

ഫിഫ ലോകകപ്പിനെത്തുന്ന ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്‌റ്റേഡിയങ്ങളിലേക്കും ഫാന്‍ വില്ലേജുകളിലേക്കും ഉള്‍പ്പെടെ മികച്ച ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നാലായിരത്തോളം ബസ്സുകള്‍ നിരത്തിലിറക്കുമെന്ന് ഖത്തര്‍ പൊതുഗതാഗത സ്ഥാപനമായ കര്‍വ അഥവാ മുവാസലാത്ത് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.