1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2022
Fans display a banner during the German Bundesliga soccer match between Borussia Dortmund and VfB Stuttgart in Dortmund, Germany

സ്വന്തം ലേഖകൻ: ഖത്തറിനെതിരായ തന്‍റെ രാജ്യത്തിന്‍റെ വിമര്‍ശനങ്ങള്‍ തെറ്റാണെന്നും അവ തിരുത്തേണ്ടതുണ്ടെന്നും ഖത്തറിലെ ജര്‍മന്‍ അംബാസഡര്‍ ക്ലോഡിയസ് ഫിഷ്ബാക്ക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിനെഴുതിയ നാലു പേജ് കത്തിലാണ് ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ ജര്‍മന്‍ ഭരണകൂടം സ്വീകരിച്ച തെറ്റായ നിലപാട് തിരുത്തിയില്ലെങ്കില്‍ ലോകകപ്പ് കഴിയുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഖത്തറിനോട് അടുത്ത കാലത്തായി ജര്‍മനി പുലര്‍ത്തിവരുന്ന വിമര്‍ശന നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന് തന്‍റെ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ളതാണ് കത്ത്. ഖത്തറിനെതിരെ ജര്‍മന്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെ സമീപകാലത്ത് നടത്തിയ അഭിപ്രായങ്ങള്‍ ഇതിനകം ഗുരുതരമായ ദോഷം വരുത്തിവച്ചതായും അദ്ദേഹം വ്യക്തമാക്കി. ജര്‍മ്മന്‍ വാര്‍ത്താ സൈറ്റായ സ്പീഗലാണ് അംബാസഡര്‍ ക്ലോഡിയസ് ഫിഷ്ബാച്ച് ബെര്‍ലിനിലേക്ക് എഴുതിയ നാലു പേജ് കത്തിലെ ഉള്ളടക്കം പുറത്തുവിട്ടത്.

ജര്‍മനി അതിന്റെ വിദേശനയത്തില്‍ കാതലായ മാറ്റം വരുത്തുകയും ദോഹയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ അത് അപരിഹാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ജര്‍മ്മനി ഖത്തറില്‍ കാര്യമായ ആത്മവിശ്വാസം നേടിയതാണെന്നും എന്നാല്‍, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബെര്‍ലിന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അഭിപ്രായങ്ങള്‍ ആ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു.

ജര്‍മ്മനി- ജപ്പാന്‍ മത്സരത്തിനിടെ ടീം ഫോട്ടോ സെഷനില്‍ വായ കൈകൊണ്ട് പൊത്തിപ്പിടിച്ച് ജര്‍മ്മന്‍ ദേശീയ ടീമിന്‍റെ പ്രതിഷേധ പ്രകടനവും ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍ വണ്‍ ലവ് ബ്രേസ്ലെറ്റ് ധരിച്ചതും ഖത്തറില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഖത്തറിനെതിരേ നടക്കുന്ന വലിയ തോതിലുള്ള മാധ്യമ പ്രചാരണങ്ങള്‍ ശരിയല്ലെന്നും ഖത്തര്‍ ഇടുത്ത കാലത്തായി കൈവരിച്ച വലിയ നേട്ടങ്ങളെയും പുരോഗതിയെയും നിഷേധിക്കുന്ന സമീപനമാണ് അതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ജര്‍മനിക്ക് പ്രകൃതി വാതകം വിതരണം ചെയ്യുന്ന പ്രധാന രാജ്യമെന്ന നിലയില്‍ ഖത്തറിനെ ഗൗരവത്തോടെ കാണമെന്നാണ് അംബാസഡര്‍ ജര്‍മന്‍ ഭരണകൂടത്തെ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഖത്തര്‍ നേതാക്കളുടെ ചില പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. പൊതുവെ ജര്‍മന്‍ അനുകൂല നിലപാട് സ്വീകരിച്ചുവന്നിരുന്ന ഖത്തറിലെ ബിസിനസ് സമൂഹം ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളോടെ തങ്ങളുടെ നിലപാടില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായും അംബാസഡര്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ കാര്യങ്ങളെ ഗൗരവത്തോടെ കാണുന്ന രാജ്യമാണെന്നും തന്ത്രപരമായ നിലപാടുകള്‍ എടുക്കുന്ന കാര്യത്തില്‍ അവര്‍ വളരെ ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണെന്നും കത്തില്‍ പറയുന്നുണ്ട്. ജര്‍മനിയുമായുള്ള വ്യാപാരത്തെ അത് ബാധിച്ചേക്കുമെന്നാണ് അംബാസഡര്‍ ഇതിലൂടെ നല്‍കുന്ന സൂചന.

പാശ്ചാത്യ അനുകൂല സഖ്യകക്ഷിയെന്ന നിലയില്‍ ഖത്തര്‍ തങ്ങള്‍ക്ക് എത്ര പ്രധാനമാണെന്ന് ചര്‍ച്ച ചെയ്യാന്‍ ജര്‍മനി കൂടുതല്‍ സമയം ചെലവഴിക്കേണ്ടതില്ല. ഊര്‍ജ്ജ വിതരണം, സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിലെ പങ്കാളിത്തം, ജര്‍മ്മനിയിലെ വിശ്വസിനീയമായ നിക്ഷേപങ്ങള്‍ എന്നിവ ജര്‍മനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.

ഖത്തറിനെതിരേ രാജ്യം പുലര്‍ത്തുന്ന തെറ്റായ വിദേശ നയ നിലപാടുകള്‍ ഇതിനെയെല്ലാം കീഴ്‌മേല്‍ മറിക്കാനിടയുണ്ടെന്നും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അംബാസഡര്‍ കത്തില്‍ വ്യക്തമാക്കി. ഖത്തറുമായുള്ള നല്ല ബന്ധം തുടര്‍ന്നു പോവുന്നതിന് ഖത്തറുമായുള്ള ഏറ്റുമുട്ടല്‍ സമീപനത്തില്‍ നിന്ന് മാറണമെന്നാണ് അംബാസഡര്‍ സര്‍ക്കാരിന് നല്‍കുന്ന ഉപദേശം.

ലോകകപ്പിന്‍റെ ഇതുവരെയുള്ള മികച്ച സംഘാടനത്തെയും ജര്‍മനിയുമായി ഖത്തര്‍ ഒപ്പുവച്ച് എല്‍എന്‍ജി വിതരണ കരാറിനെയും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു കൊണ്ട് ജര്‍മനിയിലെ മുതിര്‍ന്ന ഭരണകൂട വൃത്തങ്ങളില്‍ നിന്ന് ഒരു പ്രസ്താവന ഇറക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും കാലങ്ങളായി തുടര്‍ന്നുവന്ന നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ മനുഷ്യാവകാശ മേഖലയില്‍ ഖത്തര്‍ കൈവരിച്ച പുരോഗതിയെ അഭിനന്ദിക്കുകയും വേണമെന്നും ഫിഷ്ബാച്ച് കത്തില്‍ വ്യക്തമാക്കി.

ജര്‍മനിയുടെ സമീപകാല നിലപാടുകള്‍ ഖത്തറില്‍ സൃഷ്ടിച്ച തീവ്രമായ എതിര്‍പ്പും പ്രതിഷേധവും ഗൗരവമായി കാണണം. ജര്‍മ്മന്‍ ചാന്‍സലറും മന്ത്രാലയങ്ങളും മറ്റ് എംബസികളും ഉള്‍പ്പെടുന്ന ഒരു വലിയ മെയിലിംഗ് ലിസ്റ്റിലേക്കാണ് ഫിഷ്ബാക്ക് തന്‍റെ കേബിള്‍ സന്ദേശം അയച്ചതെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ഫോണില്‍ വിളിച്ച് ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് അഭിനന്ദനം അറിയിച്ചത് അംബാസഡറുടെ കത്തിന് പിന്നാലെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രധാന സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.