1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2021

സ്വന്തം ലേഖകൻ: ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്. 2001 സെപ്റ്റംബര്‍ 11നാണ് ലോകത്തെ മുഴുവനും ഞെട്ടിച്ചുകൊണ്ട് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഭീകരര്‍ വിമാനം ഇടിച്ചുകയറ്റിയത്. ലോകം ഒസാമ ബിൻ ലാദൻ എന്ന ഭീകരന്റെ പേര് ശ്രദ്ധിച്ച് തുടങ്ങിയതും ഈ ഭീകരാക്രമണത്തിന് ശേഷമാണ്. അന്ന് നാല് സ്ഥലങ്ങളിലായുണ്ടായ ഭീകരാക്രമണത്തിൽ മൂവായിരത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.

ഇസ്ലാമിക ഭീകരസംഘടനയായ അൽ ഖായിദ തലവൻ ഒസാമ ബിൻ ലാദന്റെ പേര് ശക്തമായി പുറത്ത് കേള്‍‍ക്കാൻ തുടങ്ങിയതും ഈ ഭീകരാക്രമണത്തിന് പിന്നാലെയാണ്. തൊണ്ണൂറുകള്‍ മുതൽക്കെ ലാദന്റെ അൽ ഖ്വയിദ യുഎസിന് മേൽ ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു. 1992 യമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന കെട്ടിടത്തിൽ ആക്രമണം നടത്തിയതും 1995 സൗദി അറേബ്യയിലെ യുഎസ് സൈനിക പരിശീലന ക്യാമ്പിൽ നടത്തിയ കാർബോംബ് സ്‌ഫോടനവുമെല്ലാം അൽഖ്വയ്ദ അമേരിക്കയ്‌ക്ക് നേരെ ഉയർത്തിയ വെല്ലുവിളികൾ ആയിരുന്നു.

അൽഖയ്ദയിലെ 19 ഭീകരര്‍ ആയിരുന്നു ആക്രമണത്തിന് പിന്നിൽ. ഭീകരര്‍ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നായി നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി ആയിരുന്നു ആക്രമണം. രാവിലെ എട്ടരയോടെ ന്യൂയോര്‍ക്കിലെ വേൾഡ് ട്രേഡ് സ്ന്ററിലെ ഒരു ടവറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വഴിതെറ്റി വിമാനം ഇടിച്ചകയറിയതാണെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ 17 മിനിട്ടുകള്‍ക്ക് ശേഷം മറ്റൊരു വിമാനം കൂടി ഇടിച്ചുകയറുകയായിരുന്നു.

ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമത് ഒരു വിമാനം കൂടി റാഞ്ചിയെങ്കിലും യാത്രക്കാര്‍ എതിര്‍ത്തതോടെ പെൻസിൽവാനിയായിലെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നു കരുതുന്നു.

ഒസാമ ബിൻലാദന്റെ പേരുകളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്ന് കേട്ടത് എങ്കിലും ഖാലിദ് ഷേക്ക് മുഹമ്മദ് എന്ന ഭീകരനാണ് ആക്രമണത്തിന്റെ ആശയം മുന്നോട്ട് വച്ചത്. 1996ൽ ബിൻ ലാദന് മുന്നിൽ അവതരിപ്പിക്കുകയും 1998ൽ ഇതിന് ലാദൻ അനുമതി നൽകുകയും ചെയ്യുകയായിരുന്നു. 2003ൽ ഇയാള്‍ പിടിയിലാകുകയും പിന്നീട്, ഗ്വാണ്ടനാമോയിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിൽ ഭയന്ന് യുഎസ് ഏഷ്യയിലെ ഇടപെടലുകള്‍ നിര്‍ത്തുമെന്നാണ് ലാദൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലാദനെ വിട്ടു കിട്ടണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു അമേരിക്ക. ലാദനെ കൈമാറണമെന്ന ആവശ്യം താലിബാൻ നിരസിച്ചതോടെ 2001 ഒക്ടോബര്‍ ഏഴിന് അമേരിക്ക യുദ്ധം ആരംഭിച്ചു. 2011ൽ യുഎസ് സ്പെഷ്യൽ ഫോഴ്സ് ബിൻ ലാദനെ വെടിവച്ച് കൊല്ലുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.