1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2022

സ്വന്തം ലേഖകൻ: അമേരിക്കൻ വ്യോമഗതാഗത കമ്പനിയായ ബൂം സൂപ്പർസോണിക് ലോകത്തിലെ ഏറ്റവും വേഗമുള്ള എയർലൈനറായ ഓവർചർ രൂപകൽപന ചെയ്യുന്നു. സൂപ്പർസോണിക് ജെറ്റായ ഓവർചറിന് മണിക്കൂറിൽ 2100 കിലോമീറ്റർ എന്ന വേഗം കൈവരിക്കാനുള്ള ശേഷിയുണ്ട്. 65 മുതൽ 80 യാത്രക്കാരെ വരെ വഹിക്കാൻ ഓവർചറിന് ശേഷിയുണ്ടെന്ന് ബൂം സൂപ്പർസോണിക് അധികൃതർ പറയുന്നു. മണിക്കൂറിൽ 910 കിലോമീറ്റർ വരെ വേഗത്തി‍ൽ പോകാൻ സാധിക്കുന്ന ബോയിങ് 747–8 വിമാനമാണ് നിലവിൽ ലോകത്തെ ഏറ്റവും വേഗമുള്ള വിമാനം. 660 യാത്രികരെ വരെ വഹിക്കാൻ വിമാനത്തിനു ശേഷിയുണ്ട്.

ഈ വേഗം അനുസരിച്ച് ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് മൂന്നര മണിക്കൂറിൽ ഓവർചറിനെത്താൻ സാധിക്കും. സാധാരണ ഗതിയിൽ ആറരമണിക്കൂറാണ് ഈ യാത്രയ്ക്ക് എടുക്കുക. കൊച്ചിയിൽ നിന്നു മുംബൈയിലേക്ക് ഈ വിമാനം പറന്നാൽ യാത്ര പൂർത്തീകരിക്കാൻ വെറും 40 മിനിറ്റ് മാത്രമായിരിക്കും എടുക്കുക.

ഇപ്പോൾ രൂപകൽപനാ ഘട്ടത്തിലുള്ള ഈ വിമാനം 2024ൽ നിർമാണഘട്ടത്തിലേക്കു കടക്കും. 2029ൽ ആദ്യ യാത്രക്കാരെ വഹിക്കും. ധാരാളം വർഷങ്ങളിലെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് വിമാനത്തിന്റെ ഘടന ആവിഷ്കരിച്ചത്. വിമാനത്തിന്റെ വിശദവിവരങ്ങൾ കഴിഞ്ഞ ദിവസം യുകെയിൽ നടന്ന ഫാൻബറോ എയർഷോയുമായി ബന്ധപ്പെട്ട കോൺഫറൻസിലാണു പുറത്തുവിട്ടത്.

വേഗത്തിനൊപ്പം സുരക്ഷിതത്വവും ഓവർചർ വിമാനം ഉറപ്പുനൽകുന്നു. അതിസങ്കീർണമായ സോഫ്റ്റ്‌വെയർ മോഡലിങ്, ടെസ്റ്റിങ്,5 വിൻഡ് ടണൽ ടെസ്റ്റുകൾ എന്നിവയ്ക്കു ശേഷമാണ് ഓവർചർ പൂർത്തീകരിക്കുന്നത്. നാല് എൻജിനുകളാണ് ഇതിനുള്ളത്.

അറുന്നൂറിലധികം റൂട്ടുകളിൽ ഈ വിമാനം ഭാവിയിൽ പറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യാത്രികർക്ക് അതിവേഗ വ്യോമയാത്ര എന്ന സ്വപ്നം സാധ്യമാക്കാനും ഈ വിമാനം ഉപകാരപ്രദമാകും. ശബ്ദം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലാകും ഓവർചർ പറക്കുകയെന്നും അധികൃതരുടെ വിശദീകരണത്തിലുണ്ട്.

ഫ്രാൻസിന്റെ ലോകപ്രശസ്ത സൂപ്പർസോണിക് വിമാനമായ കോൺകോർഡിന്റെ പുത്രൻ എന്ന പേരിലാണ് ഓവർചർ അറിയപ്പെടുന്നത്. കോൺകോർഡ് 2003ൽ പ്രവർത്തനം അവസാനിപ്പിച്ചു. പറക്കാനുള്ള വലിയ ചെലവും സൃഷ്ടിച്ച അമിത ശബ്ദവുമാണ് കോൺകോർഡിന് വിനയായത്. അന്ന് താൽക്കാലികമായി അവസാനിച്ച സൂപ്പർസോണിക് എയർലൈനർ യുഗം ഓവർചറിലൂടെ വീണ്ടും പുനഃസൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോക വ്യോമയാനരംഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.