1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2021

സ്വന്തം ലേഖകൻ: ഊര്‍ജ സംരക്ഷണത്തിനും പരിസ്ഥിതി പരിപാലനത്തിനും പ്രാധാന്യം നല്‍കി നിര്‍മിച്ച ലോകത്തിലെ ആദ്യ ഗ്രീന്‍ മസ്ജിദ് ദുഹായിലെ ഹത്തയില്‍ തുറന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) യുടെ നേതൃത്വത്തിലാണ് ക്ലീന്‍ എനര്‍ജി വഴി ഇലക്ട്രിക് വാഹനങ്ങള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനുള്‍പ്പെടെ മികച്ച സംവിധാനങ്ങളുമായി പള്ളി നിര്‍മിച്ചിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷത്തിലും ക്ലീന്‍ എര്‍ജി രംഗത്തുമുള്ള മികവിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ (ലീഡ്‌സ്) പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ലോകത്തെ ആദ്യ പള്ളിയെന്ന സവിശേഷതയും ഇതിനുണ്ട്. 83 പോയിന്റുകള്‍ നേടിയാണ് പള്ളി കെട്ടിടം അന്താരാഷ്ട്ര തലത്തിലുള്ള മികച്ച നേട്ടത്തിന് അര്‍ഹമായത്.

1050 ചതുരശ്ര മീറ്റര്‍ വിസതൃതിയുള്ള പള്ളിയില്‍ ഒരേ സമയം 600 പേര്‍ക്ക് പ്രാര്‍ഥന നടത്താന്‍ സൗകര്യമുണ്ട്. സോളാര്‍ പാനലുകളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലാണ് പള്ളിയുടെ പ്രവര്‍ത്തനങ്ങളെല്ലാം. എന്നു മാത്രമല്ല പള്ളിയില്‍ എത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഗ്രീന്‍ ചാര്‍ജര്‍ സ്റ്റേഷനും ഇവിടെയുണ്ട്.

ഏകദേശം 26.5 ശതമാനം ഊര്‍ജ്ജവും 55 ശതമാനം ജലവും ലാഭിക്കുന്ന രീതിയിലാണ് പള്ളില്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ അംഗ ശുദ്ധിക്കും മറ്റുമായി ഉപയോഗിക്കുന്ന വെള്ളം സംസ്‌ക്കരിച്ച് പുനരുപയോഗ സാധ്യമാക്കുന്നതിനുള്ള ജല സംസ്‌ക്കരണ പ്ലാന്റും പള്ളിയിലുണ്ട്. വെള്ളം സംസ്‌ക്കരിച്ച് കൃഷിക്കും ശുചീകരണത്തിനും മറ്റും ഉപയോഗിക്കാന്‍ സാധിക്കും.

മാത്രമല്ല, പുനരുപയോഗ യോഗ്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് പള്ളിയുടെ നിര്‍മാണമെന്നതും ഇതിന്റെ സവിശേഷതയാണ്. പള്ളിക്കകത്തെ വായു ശുദ്ധീകരിക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും പാലിച്ചതിനാലാണ് ലീഡ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതെന്ന് ദേവ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

ദുബായ് നഗരത്തെ ലോകത്തിലെ ഏറ്റവും മികച്ച താമസ സ്ഥലമായി മാറ്റിയെടുക്കുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന യുഎഇയുടെ അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ 2040ന്റെ ഭാഗമായാണ് പുതിയ പള്ളി നിര്‍മാണം. ഹത്തയുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക വികസനത്തിന് പള്ളി ശക്തി പകരുമെന്നും ഉപകരിക്കുമെന്നും സഈദ് മുഹമ്മദ് അല്‍ തായര്‍ കൂട്ടിചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.