1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2023

സ്വന്തം ലേഖകൻ: സ്ത്രീകള്‍ക്ക് പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദമായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ലോകത്ത് ഇതാദ്യമായി ഗുളിക കണ്ടെത്തി. പുതിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അനുമതി ലഭിച്ചു. മൂന്ന് ദിവസങ്ങള്‍ക്കകം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഈ ഗുളികയ്ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ചികിത്സയ്ക്ക് ഐവി കുത്തിവയ്പ്പുകളാണ് നല്‍കിയിരുന്നത്. പുതിയ ഗുളികകള്‍ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

സങ്കടം, ഊര്‍ജക്കുറവ്, ആത്മഹത്യ ചിന്ത, മേധാശക്തിക്ക് തകരാര്‍ എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിന്‍റെ ലക്ഷണങ്ങളാണ്. ഇതുമൂലം ഉണ്ടാകുന്ന ജീവനുതന്നെ ഹാനികരമായ തീവ്രവും സങ്കീര്‍ണവുമായ വികാരങ്ങളെ നിയന്ത്രിക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അവസാന ‍ഡോസ് കഴിച്ച് നാലാഴ്ച വരെ മരുന്നിന്‍റെ സ്വാധീനമുണ്ടാകുമെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടി.

പ്രൊജസ്ട്രോണ്‍ ഹോര്‍മോണിന്‍റെ പ്രകൃതിദത്ത ഉപോൽപന്നമായ അല്ലോപ്രെഗ്നാനലോണിന്‍റെ സിന്തറ്റിക് രൂപഭേദമാണ് പുതിയ ഗുളിക. തലച്ചോറിലെ ഗാമ-അമിനോബ്യൂട്ടിറിക് ആസിഡ്(ഗാബ) റിസപ്റ്ററുകളുടെ മേലാണ് ഈ മരുന്ന് പ്രവര്‍ത്തിക്കുന്നത്. സമ്മര്‍ദത്തെയും ഒരു വ്യക്തിയുടെ മൂഡിനെയും ബാധിക്കുന്ന പ്രധാന സിഗ്നലിങ് വഴികളാണ് ഗാബ റിസപ്റ്ററുകള്‍. നാഡീവ്യൂഹത്തെ ശാന്തമാക്കാന്‍ ഗാബയ്ക്ക് സാധിക്കും. സമ്മര്‍ദവും വിഷാദവും അനുഭവിക്കുന്നവരില്‍ ഗാബയുടെ തോത് കുറവായിരിക്കും.

എന്നാല്‍ ചില പാര്‍ശ്വഫലങ്ങളും ഈ ഗുളിക കഴിക്കുന്നവരില്‍ ഉണ്ടാകാമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. തലകറക്കം, അതിസാരം, ക്ഷീണം, ജലദോഷം, മൂത്രനാളിയിലെ അണുബാധ എന്നിവയാണ് ഗുളികയുടെ പ്രധാനപ്പെട്ട പാര്‍ശ്വഫലങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.