1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2023

സ്വന്തം ലേഖകൻ: ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈകാരികമായി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് സാക്ഷി പ്രഖ്യാപിച്ചത്.

താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയാ പറഞ്ഞു. അതിക്രമം നേരിട്ട താരങ്ങള്‍ കേന്ദ്ര കായിമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞതാണ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ബജ്രംഗ് പുനിയ ചൂണ്ടിക്കാട്ടി.

ഗുസ്തിയെ രക്ഷിക്കണമെന്ന് താരം വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടു. ഈ രാജ്യത്ത് എങ്ങനെ നീതി ലഭിക്കും എന്നറിയില്ല. സമരം സംഘടിപ്പിക്കുന്നതിന് ഒപ്പം പ്രശ്‌നങ്ങള്‍ എല്ലാവരിലേക്കും ഞങ്ങള്‍ എത്തിച്ചതാണ്. പുതിയ നേതൃത്വത്തിന് കീഴിലും ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നും വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങ് തിരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗിന്റെ ജയം.

47 വോട്ടുകളില്‍ 40 വോട്ടുകളും നേടിയാണ് സഞ്ജയ് സിങ് വിജയിച്ചത്. ഡബ്ല്യുഎഫ്ഐ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപണമുന്നയിച്ച് രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങളുടെ പിന്തുണയോടെയാണ് അനിത മത്സരിച്ചിരുന്നത്.

ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പീഡന പരാതിക്ക് പിന്നാലെ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അഡ്‌ഹോക് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണിനെതിരെ പരാതി നല്‍കിയ ഗുസ്തി താരങ്ങളും കായിക മന്ത്രി അനുരാഗ് താക്കൂറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ബ്രിജ് ഭൂഷണ്‍ സിങോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുള്ളവരോ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ധാരണയായിരുന്നു.

പലതവണ മാറ്റിവെച്ച ശേഷമാണ് ഫെഡറേഷന്‍ തിരഞ്ഞെടുപ്പിനുള്ള തിയതി ഓഗസ്റ്റ് 12 ആയി പ്രഖ്യാപിച്ചത്. ലൈംഗികാതിക്രമ കേസില്‍ ജൂലൈ 20-ന് ഡല്‍ഹി കോടതി ബ്രിജ്ഭൂഷണ് സ്ഥിര ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്നായിരുന്നു ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആവശ്യം.

ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവര്‍ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. തനിക്കെതിരെ സമരത്തിനിറങ്ങിയ ബജ്റംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് യോഗ്യത നല്‍കിയതിനെതിരെ ബ്രിജ് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.