
സ്വന്തം ലേഖകൻ: ചൈനയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയ വുഹാനിലെ വൈറോളജി ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ ചൈന പുറത്തുവിടണമെന്ന് യുഎസിലെ പ്രമുഖ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗചി.
കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണോ പുറത്തുവന്നത് എന്നതിനു നിര്‍ണായകമായ തെളിവുകള്‍ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഡോ. ഫൗചി വ്യക്തമാക്കി. “2019ല്‍ രോഗബാധിതരായ ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ എനിക്കു കാണണം. എന്തായിരുന്നു അവരുടെ അസുഖമെന്ന് കണ്ടെത്തേണ്ടതുണ്ട്,“ ഫൗചി പറഞ്ഞു.
വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍നിന്ന് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവന്‍വെച്ച സാഹചര്യത്തില്‍ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.
കോവിഡിന്റെ തുടക്കം മുതല്‍ തന്നെ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് പടര്‍ന്നതാണെന്ന പക്ഷക്കാരനായിരുന്നു ട്രംപ്. കൊറോണ വൈറസിനെ അദ്ദേഹം ചൈനിസ് വൈറസ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്യുക പോലുമുണ്ടായി. പലപ്പോഴും ബൈഡനടക്കുമുള്ള എതിരാളികള്‍ ട്രംപിനെ ഇതിന്റെ പേരില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് ചൈന തുടരുന്നത്. ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിലൂടെയോ വന്യമൃഗങ്ങളെ വില്‍ക്കുന്ന ചന്തയില്‍നിന്നോ ആവാം വൈറസ് പടര്‍ന്നതെന്നാണ് ചൈന വാദിക്കുന്നത്. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവം എന്ന വാദത്തില്‍ യുഎസ് ഇന്റലിജന്റ്‌സ് അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കൃത്യം ഒരു മാസം മുമ്പ് അവിടുത്തെ ലാബില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് രോഗബാധ ഉണ്ടായിരുന്നു എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനും ഫോര്‍ട്ട് ഡീട്രിക് ലാബ് ഉള്‍പ്പെടെ യു.എസിന്റെ ലോകമെമ്പാടുമുള്ള 200ല്‍ അധികം ജൈവ ലാബുകളെക്കുറിച്ച് വിശദീകരിക്കാനും ലോകാരോഗ്യ സംഘടനയെ യു.എസ്. അവരുടെ രാജ്യത്തേക്ക് വിളിക്കട്ടെ എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ഫൗച്ചിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല