1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2022

സ്വന്തം ലേഖകൻ: ചൈനയിൽ പട്ടാള അട്ടിമറി നടന്നെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. പ്രസിഡന്‍റ് ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നും വാർത്ത പ്രചരിക്കുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മേധാവിത്വ സ്ഥാനത്ത് നിന്ന് ഷി ജിൻപിങിനെ നീക്കിയെന്നാണ് പ്രചാരണം.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ അടിസ്ഥാനമെന്തെന്ന് ഇത് വരെ വ്യക്തമല്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോ രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഉസ്‌ബെക്കിസ്ഥാനിൽ വെച്ച് നടന്ന ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ സമ്മിറ്റിൽ ഷി ജിൻപിങ് പങ്കെടുക്കുകയും വിവിധ വകുപ്പ് മേധാവിമാരുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

2020ലെ ഇൻഡോ- ചൈന അതിർത്തി പ്രശ്നങ്ങൾക്ക് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഷി ജിൻപിങ് എസ്‍സിഒ ഉച്ചകോടിക്കായി പോയ സമയത്താണ് പട്ടാള അട്ടിമറി നടന്നതെന്ന് പറയപ്പെടുന്നു.

ചൈനയിൽ പട്ടാള അട്ടിമറി നടന്നെന്നും പിഎൽഎയുടെ നിരവധി വാഹനങ്ങൾ തലസ്ഥാനമായ ബീജിങ്ങിലേക്ക് നീങ്ങുകയാണെന്നും ജെന്നിഫർ സെങ് എന്നയാൾ ട്വീറ്റ് ചെയ്യുന്നു. ചൈനയുടെ 59 ശതമാനം വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ടെന്നും പ്രമുഖർ പലരും ജയിലിലാണെന്നും ഗോർഡൻ സി ചാങ് എന്ന മറ്റൊരാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച രണ്ട് മുൻ മന്ത്രിമാർക്ക് ചൈന വധശിക്ഷ വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജ്യത്ത് പട്ടാള അട്ടിമറി നടന്നെന്ന അഭ്യൂഹം പുറത്ത് വരുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജനറൽ ലി കിയോമിങ് ചൈനയുടെ പുതിയ പ്രസിഡന്‍റായി അധികാരമേറ്റെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെയ്ജിങ് വിമാനത്താവളത്തിൽ നിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ നിർത്തിയതായി റിപ്പോർട്ട്. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെ നിന്ന് പോകുന്നതുമായ വിമാനസർവീസുകൾ ഉൾപ്പെടെയാണ് നിർത്തിയത്. ഒപ്പം ബെയ്ജിങ്ങിലെ ട്രെയിൻ സർവീസ് നിർത്തിയതായും പറയുന്നതുണ്ട്.

സെപ്റ്റംബര്‍21ന് മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോർക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി എപക് ടൈംസ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും ഹൈസ്പീഡ് റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും ട്വിറ്ററിലടക്കം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാര്‍ത്താ ഏജന്‍സികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്ത മാസമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20ാം സമ്മേളനം. മൂന്നാംവട്ടവും അധികാരമുറപ്പിക്കാനുള്ള ഷിയുടെ പാലം കൂടിയാണീ യോഗം. 2023ലാണ് ഷി സ്ഥാനമൊഴിയേണ്ടത്. മുൻഗാമികളെ പോലെ പകരക്കാരനെ നിർദേശിക്കുന്നതിനു പകരം സ്വന്തം പേര് തന്നെയാകും ഷി സമ്മേളനത്തിൽ ഉയർത്തുക. ഇത് അംഗീകരിക്കുന്നതോട് കൂടി ചൈനയിൽ അനിശ്ചിതകാലം അധികാരം തുടരാൻ ഷിക്ക് കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.